നിലമ്പൂരിൽ ഇന്ന് കൊട്ടിക്കലാശം; സംഘർഷമൊഴിവാക്കാൻ വൻപൊലീസ് സന്നാഹം
നിലമ്പൂർ: നിലമ്പൂർ നിയമസഭ ഉപതിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിന്റെ അവസാന ദിവസമായ ഇന്ന് കലാശക്കൊട്ടുമായി ബന്ധപ്പെട്ട ക്രമസമാധാന പരിപാലനത്തിനും ട്രാഫിക് ക്രമീകരണത്തിനുമായി ജില്ലാ പൊലീസ് മേധാവി അർ. വിശ്വനാഥിന്റെ നേതൃത്വത്തിൽ വിപുലമായ പോലീസ് ക്രമീകരണങ്ങൾ ഏർപ്പെടുത്തി. ഡ്യൂട്ടിക്കായി ഏഴ് ഡിവൈ.എസ്പി, 21 പൊലീസ് ഇൻസ്‌പെക്ടർ, 60 സബ് ഇൻസ്‌പെക്ടർ, ജില്ലാ പൊലീസിനെ കൂടാതെ കേന്ദ്ര പോലീസ് സേനയും എം.എസ്.പി ബറ്റാലിയനും ഉൾപ്പടെ ആകെ 773 പോലീസ് ഉദ്യോഗസ്ഥരെ ഡ്യൂട്ടിക്കായി നിയോഗിച്ചു. നിലവിൽ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിലമ്പൂർ നിയമസഭാ മണ്ഡലത്തിന് കീഴിൽ വരുന്ന പൊലീസ് സ്റ്റേഷൻ പരിധികളിൽ വിന്യസിച്ചിട്ടുള്ള പോലീസ് ഉദ്യോഗസ്ഥൻമാർക്ക് പുറമേയാണിത്.
കൊട്ടിക്കലാശവുമായി ബന്ധപ്പെട്ട് നിലമ്പൂർ ഡിവൈ.എസ്.പി ഓഫീസിലും അതത് സ്റ്റേഷനുകളിലും വിവിധ രാഷ്ട്രീയ പാർട്ടികളുടെ യോഗങ്ങൾ നടത്തി. മീറ്റിംഗിൽ എല്ലാ പാർട്ടികളിലെയും പ്രതിനിധികളുടെ സമ്മതത്തോടെയും അനുമതിയോട് കൂടിയും സ്ഥലങ്ങൾ നിശ്ചയിച്ചു. കൊട്ടിക്കലാശം പ്രധാനമായും നടക്കുന്ന നിലമ്പൂർ, എടക്കര പോലീസ് സ്റ്റേഷൻ പരിധികളിലാണ്. നിലമ്പൂർ സ്റ്റേഷൻ പരിധിയിൽ സി.എൻ.ജി റോഡിൽ നിലമ്പൂർ മിൽമ ബൂത്ത് മുതൽ ഹോസ്പിറ്റൽ റോഡ് ജംഗ്ഷൻ വരെ യു.ഡി.എഫിനും, ഹോസ്പിറ്റൽ റോഡ് ജംഗ്ഷൻ മുതൽ സഫ ഗോൾഡ് ജ്വല്ലറി വരെ എൻ.ഡി.എയ്ക്കും മഹാറാണി ജംഗ്ഷൻ മുതൽ നിലമ്പൂർ സ്റ്റേഷൻപ്പടി വരെ എൽ.ഡി.എഫിനും നിലമ്പൂർ ചന്തക്കുന്ന് ബസ് സ്റ്റാൻഡിൽ പി.വി അൻവറിനും താഴെ ചന്തക്കുന്നിൽ എസ്.ഡി.പി.ഐക്കും അനുവദിച്ചു.
കൊട്ടിക്കലാശാവുമായി ബന്ധപ്പെട്ട് നിലമ്പൂർ ഗൂഡല്ലൂർ സംസ്ഥാന പാതയിൽ നിലമ്പൂർ സി.എൻ.ജി റോഡിൽ വാഹന ഗതാഗതത്തിന് തടസ്സം ഉണ്ടാകാൻ സാദ്ധ്യതയുള്ളതിനാൽ വാഹനങ്ങൾ ആവശ്യമെങ്കിൽ വഴി തിരിച്ചു വിടുന്നതിനുള്ള ക്രമീകരണങ്ങളും ഏർപ്പാടാക്കിയിട്ടുണ്ട്. കൂടാതെ കൊട്ടിക്കലാശവുമായി ബന്ധപ്പെട്ട ക്രമസമാധാനം സസൂക്ഷ്മം നിരീക്ഷിക്കുന്നതിനും, മറ്റുമായി ഓരോ പ്രധാനപ്പെട്ട സ്ഥലങ്ങളിലും വെവ്വേറെ എക്സിക്യൂട്ടീവ് മജിസ്റ്റ്‌ട്രേറ്റിന്റെ സേവനവും ഉറപ്പ് വരുത്തിയിട്ടുണ്ട്.
പ്രചാരണ കാലയളവ് അവസാനിക്കുന്നതോടെ നിയമവിരുദ്ധമായ സംഘംചേരൽ, പൊതുയോഗങ്ങൾ സംഘടിപ്പിക്കൽ, മൈക്ക് അനൗൺസ്‌മെന്റ്, ഇലക്ട്രോണിക് മാദ്ധ്യമങ്ങളിലൂടെ തിരഞ്ഞെടുപ്പ് സംബന്ധിയായ കാര്യങ്ങളുടെ പ്രദർശനം, സംഗീത പരിപാടികളോ മറ്റു വിനോദ പരിപാടികളോ സംഘടിപ്പിച്ച് പ്രചാരണം നടത്തൽ എന്നിവക്ക് വിലക്കുണ്ട്. 1951 ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 126 (1) പ്രകാരം വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂർ മുമ്പ് പരസ്യ പ്രചാരണം അവസാനിപ്പിക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ അറിയിച്ചു.