ശബരിമല റോപ് വേ : വന്യജീവി ബോർഡ് മീറ്റിംഗ് നാളെ, പ്രതീക്ഷയോടെ ദേവസ്വം ബോർഡ്
ശബരിമല : സംസ്ഥാന വന്യജീവി ബോർഡിന്റെ മീറ്റിംഗ് നാളെ നടക്കാനിരിക്കെ റോപ് വേ പദ്ധതിക്ക് പച്ചക്കൊടി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ്. വനംവകുപ്പ് പെരിയാർ വെസ്റ്റ് ടൈഗർ റിസവ് ഡെപ്യൂട്ടി ഡയറക്ടർ സന്ദീപ് നായർ, റാന്നി ഡി.എഫ്.ഒ എന്നിവർ പദ്ധതി സംബന്ധിച്ച് അനുകൂല റിപ്പോർട്ട് സമർപ്പിച്ച ശേഷം ഏപ്രിൽ 16ന് നടന്ന യോഗത്തിൽ റോപ് വേ വിഷയം പരിഗണിച്ചില്ല. തുടർന്ന് ജൂൺ ഒൻപതിന് യോഗം നിശ്ചയിച്ചെങ്കിലും നാളത്തേക്ക് മാറ്റിവയ്ക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ നാളെ വൈകിട്ട് 4.30നാണ് ഓൺലൈനായി യോഗം ചേരുന്നത്. 2011ൽ ആരംഭിച്ച റോപ് വേ നിർമ്മാണ പദ്ധതി വി.എൻ.വാസവൻ ദേവസ്വം മന്ത്രിയായതോടെയാണ് ഊർജിതമായത്. തുടർന്ന് വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് നടപടി ക്രമങ്ങൾ അദ്ദേഹം വേഗത്തിലാക്കി. പെരിയാർ ടൈഗർ റിസർവിലൂടെയും റാന്നി ഫോറസ്റ്റ് ഡിവിഷനിലൂടെയുമാണ് റോപ് വേ കടന്നുപോകുന്നത്. ഏറ്റെടുക്കുന്ന വനഭൂമിക്ക് പകരം കൊല്ലം ശെന്തുരുണി വൈൽഡ് ലൈഫ് ഡിവിഷനിലെ കട്ടിളപ്പാറ സെറ്റിൽമെന്റിലെ 4.5336 ഹെക്ടർ റവന്യു ഭൂമി വനംവകുപ്പിന് കൈമാറി. ഹൈക്കോടതിയുടെ നിർദ്ദേശത്തെ തുടർന്ന് നിർദ്ദിഷ്ട റോപ്‌വേയുടെ പ്രാഥമിക സ്ഥലപരിശോധന പൂർത്തിയാക്കി സർവേക്കല്ലുകൾ സ്ഥാപിച്ചു. സർവേ സംബന്ധിച്ച് വനം വകുപ്പ് വിശദമായ റിപ്പോർട്ട് തയ്യാറാക്കി സമർപ്പിക്കുകയും ചെയ്തു.
കടമ്പ കടന്നാൽ
സംസ്ഥാന വന്യജീവി ബോർഡിന്റെ അനുമതി ലഭിച്ചാൽ കേന്ദ്ര അനുമതി മാത്രമാണ് പിന്നീടുള്ള ഏക കടമ്പ. ഇതുകൂടി ലഭിക്കുന്നതോടെ ഒരുപതിറ്റാണ്ടിന് മുൻപ് തുടക്കമിട്ട റോപ് വേ പദ്ധതിയുടെ നിർമ്മാണം ആരംഭിക്കാൻ കഴിയും. പമ്പയിൽ നിന്ന് സന്നിധാനത്തേക്കുള്ള ചരക്കുനീക്കം സുഗമമാക്കാനും ആംബുലൻസ് സർവീസിനും പുറമെ രോഗികൾക്കും പ്രായമായവർക്കും ഡോളിയിൽ സഞ്ചരിക്കുന്നവർക്കും അടിയന്തരഘട്ടങ്ങളിലും റോപ്‌വേ അനുവദിക്കാനായിരുന്നു നീക്കം. പമ്പ ഹിൽടോപ്പിൽ നിന്ന് ആരംഭിച്ച് അഞ്ച് സ്റ്റീൽ ടവറുകളിലൂടെ മാളികപ്പുറം പൊലീസ് ബാരക്കിന് പിന്നിലെത്തും വിധമാണ് നിർമ്മാണം. നാളെ അനുമതി ലഭിച്ചില്ലെങ്കിൽ പദ്ധതി അനന്തമായി നീണ്ടുപോകാൻ ഇടയുണ്ട്.
റോപ് വേ നിർമ്മാണ കമ്പിനി ബി.ഒ.ടി അടിസ്ഥാനത്തിലാണ് പദ്ധതി പ്രാവർത്തികമാക്കുന്നത്. വൈദ്യുതിയിലും സോളാർ എനർജിയിലും പ്രവർത്തിപ്പിക്കാൻ കഴിയുന്ന തരത്തിലാണ് റോപ് വേ നിർമ്മാണമെന്നും കാലവസ്ഥ അനുകൂലമായാൽ രണ്ട് വർഷത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കാൻ കഴിയുമെന്നുമാണ് റോപ് വേ നിർമ്മാണ കമ്പിനിയുടെ അവകാശവാദം.
ശബരിമല റോപ് വേ : 2.7 കിലോമീറ്റർ നീളം
പ്രതീക്ഷിക്കുന്ന ചെലവ് : 150 മുതൽ 180 കോടി രൂപ വരെ