മഴയിൽ വീടിന്റെ പിൻവശം ഇടിഞ്ഞു, ഭീതിയോടെ കുടുംബം

Tuesday 17 June 2025 12:23 AM IST

പത്തനംതിട്ട: ഞായറാഴ്ച പുലർച്ചെ പെയ്ത കനത്ത മഴയിൽ മുണ്ടുകോട്ടയ്ക്കൽ വാലുപുരയിടത്തിൽ അശോക് കുമാറിന്റെ വീടിന്റെ പിൻവശത്തെ കൽക്കെട്ട് ഇടിഞ്ഞു. സ്വകാര്യ ബസ് ഡ്രൈവറായ അശോക് കുമാറും ഭാര്യയും രണ്ടു മക്കളുമാണ് വീട്ടിൽ താമസം. വീടിന്റെ പിൻവശത്തെ പാറക്കെട്ടുകൾ മൂന്ന് മണിയോടെ വൻ ശബ്ദത്തോടെ ഇടിഞ്ഞു വീഴുകയായിരുന്നു. ഉറങ്ങിക്കിടന്ന അശോകനും കുടുംബവും ഞെട്ടിയുണർന്നപ്പോൾ കൽകെട്ടുകൾ ഇടിഞ്ഞതാണ് കണ്ടത്. വീടും കൽക്കെട്ടും തമ്മിൽ അഞ്ച് മീറ്റർ അകലം മാത്രമാണുള്ളത്. അടുക്കള ഭാഗത്തിന്റെ പിൻവശമാണ് ഇടിഞ്ഞത്. കൽക്കെട്ടിന്റെ അടുക്കുകൾ ഇളകിയതിനാൽ മറ്റുഭാഗങ്ങളും പൊളിഞ്ഞു വീഴുമെന്ന ഭീതിയിലാണ് കുടുംബം. മുപ്പത്തിമൂന്ന് വർഷം മുൻപ് പത്തനംതിട്ട നഗരസഭ നിർമ്മിച്ചതാണ് കൽക്കെട്ട്.