ഇടപെട്ട് സച്ചിൻ, പട്ടൗഡിയെ വെട്ടില്ല

Tuesday 17 June 2025 12:10 AM IST

ലണ്ടൻ: ഇന്ത്യ–ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര വിജയികൾക്കു നൽകുന്ന പട്ടൗഡി ട്രോഫിയുടെ പേരുമാറ്റുന്നതിൽ നിന്ന് പിന്മാറി ഇംഗ്ളണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ്. മുൻ ഇന്ത്യൻ ക്യാപ്ടന്റെ പേരുമാറ്റി ഇന്ത്യൻ താരം സച്ചിൻ ടെൻഡുൽക്കറിന്റെയും ഇംഗ്ലിഷ് താരം ജയിംസ് ആൻഡേഴ്സന്റെയും പേരിൽ ആൻഡേഴ്സൻ – ടെൻഡുൽക്കർ ട്രോഫിയാക്കാനായിരുന്നു നീക്കം. ഇതിനെതിരെ വിമർശനം ഉയർന്നതോടെയാണ് സച്ചിൻ തന്നെ നേരിട്ട് ഇടപെട്ട് ഇ.സി.ബിയുടെ തീരുമാനം മാറ്റിച്ചത്.

ഈ മാസം 20ന് ലീഡ്സിലെ ഹെഡിംഗ‌്ലിയിൽ ആരംഭിക്കുന്ന ഇന്ത്യ–ഇംഗ്ലണ്ട് ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് മുതൽ പേരു മാറ്റാനായിരുന്നു തീരുമാനം. ഇ.സി.ബി അധികൃതരുമായും ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് പ്രതിനിധികളുമായും സംസാരിച്ച സച്ചിൻ, പേരു മാറ്റാനുള്ള നീക്കത്തിൽനിന്ന് പിന്തിരിയണമെന്ന് അഭ്യർഥിക്കുകയായിരുന്നു. ഇതിനു പിന്നാലെ ഐ.സി.സി ചെയർമാൻ കൂടിയായ ജയ് ഷായും പട്ടൗഡി ട്രോഫി തന്നെ തുടരണമെന്ന നിലപാടുമായി രംഗത്തെത്തി.

ഇംഗ്ലണ്ടിലെ ലോഡ്സിൽ നടന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന്റെ അവസാനം ആൻഡേഴ്സൻ – ടെൻഡുൽക്കർ ട്രോഫിയുടെ അനാച്ഛാദനം നിർവഹിക്കാനായിരുന്നു പദ്ധതി. അഹമ്മദാബാദിലെ വിമാനാപകടത്തിന്റെ പശ്ചാത്തലത്തിലാണ് ഇത് മാറ്റിവച്ചത്.

മൻസൂർ അലിഖാൻ പട്ടൗഡി

ഇന്ത്യയുടെ ആദ്യകാല ടെസ്റ്റ് ക്യാപ്ടൻമാരിൽ ഒരാളാണ് മൻസൂർ അലി ഖാൻ പട്ടൗഡി.

ഇദ്ദേഹമാണ് വിദേശ മണ്ണിൽ ഇന്ത്യയ്‌ക്ക് ആദ്യ ടെസ്റ്റ് പരമ്പര ജയം സമ്മാനിച്ചത്.

1967ൽ ന്യൂസീലൻഡിനെതിരെയായിരുന്നു ഇത്.

ഇന്ത്യയെ 40 ടെസ്റ്റുകളിൽ നയിച്ച പട്ടൗഡി ടീമിന് 9 വിജയങ്ങൾ സമ്മാനിച്ചു.

ബോളിവുഡ് താരം സെയ്ഫ് അലിഖാൻ മകനാണ്.