ഇനിയും വീഴാൻ നാളെണ്ണി മരങ്ങൾ

Tuesday 17 June 2025 12:34 AM IST
പോളയത്തോട്ടിൽ റെയിൽവേ ട്രാക്കിൽ മരംവീണ ഭാഗത്തെ മരങ്ങൾ

കൊല്ലം: കൊല്ലത്തെ റെയിൽവേ ട്രാക്കിലേക്ക് മരം വീണിടത്ത് ഇനിയും അപകടാവസ്ഥയിലുള്ള മരങ്ങൾ. പോളയത്തോടിനും കപ്പലണ്ടിമുക്കിനും ഇടയിൽ കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിലെ മഹാഗണി മരമാണ് ഞായറാഴ്ച രാത്രി കടപുഴകിയത്. വഞ്ചിനാട് എക്സ്‌പ്രസ് കടന്നുപോയതിന് തൊട്ടുപിന്നാലെയായിരുന്നു അപകടം. വലിയ ശബ്ദത്തോടെ മരം വീഴുകയും റെയിൽവേയുടെ വൈദ്യുതി ലൈൻ പൊട്ടി വലിയ തോതിൽ തീപടരുകയുമായിരുന്നു.

ആളിക്കത്തിയ തീ കെടുത്തിയ ശേഷം ശ്രമകരമായിട്ടായിരുന്നു രാത്രിതന്നെ മരം വെട്ടിമാറ്റി ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചത്. അപകടത്തെ തുടർന്ന് വിവിധ ഇടങ്ങളിൽ പിടിച്ചിട്ടിരുന്ന ട്രെയിനുകൾ മണിക്കൂറുകൾ വൈകിയാണ് ഓട്ടം പുനരാരംഭിച്ചത്. കോർപ്പറേഷന്റെ ഭൂമിയിൽ ഇനിയും സമാന നിലയിൽ മരങ്ങൾ നിൽക്കുന്നത് അപകട സൂചനയുണർത്തുന്നുണ്ട്. തൊട്ടടുത്ത് ശ്മശാന വളപ്പിലും ഇത്തരത്തിൽ മരങ്ങൾ നിൽപ്പുണ്ട്. ഇവ ശിഖരങ്ങൾ കൊത്തിമാറ്റിയെങ്കിലും അപകട സാഹചര്യങ്ങളൊഴിവാക്കണമെന്നാണ് പൊതു ആവശ്യം. മരം കടപുഴകിയതിന്റെയും തീ ആളിപ്പടർന്നതിന്റെയും ഞെട്ടൽ ചെറുതായിരുന്നില്ലെന്ന് സമീപവാസികൾ പറയുന്നു. മരം വീണതിന്റെ എതിർവശത്ത് റെയിൽവേ ട്രാക്കിന്റെ തൊട്ടടുത്തുതന്നെ താമസക്കാരുണ്ട്. ഇവരെല്ലാംകൂടിയാണ് മരം വെട്ടിമാറ്റുന്നതിനടക്കം മുൻപന്തിയിൽ നിന്നത്.