കൊല്ലം മേയർക്ക് നേരെ വധഭീഷണി മുഴക്കിയ പ്രതി പിടിയിൽ

Tuesday 17 June 2025 2:33 AM IST

കൊല്ലം: മേയർ ഹണി ബെഞ്ചമിനെതിരെ വധ ഭീഷണി മുഴക്കിയ സംഭവത്തിൽ പ്രതി പിടിയിൽ. തിരുവനന്തപുരം ആൾ സെയിന്റ്സ് കോളേജിന് സമീപം പുത്തൻവിളയിൽ അനിൽ കുമാറാണ് (52) കൊല്ലം ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്. ഇയാൾ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്.

കഴിഞ്ഞ 14ന് രാവിലെ 7.15 ഓടെ മേയറുടെ വീടിന് സമീപം എത്തിയ പ്രതി വധഭീഷണി മുഴക്കുകയായിരുന്നു. വൈദ്യശാല ജംഗ്ഷനിലെത്തിയ അനിൽകുമാർ ഇവിടത്തെ കടകളിലും സമീപ പ്രദേശത്തുള്ളവരോടും മേയറെപ്പറ്റി തിരക്കുകയും അസഭ്യം പറയുകയുമായിരുന്നു. ഇയാളുടെ കൈയിൽ കത്തിയും ഉണ്ടായിരുന്നു. പരിചയക്കാരിയായ റോസമ്മയാണ് സംഭവം ആദ്യം മേയറുടെ ശ്രദ്ധയിൽപ്പെടുത്തിയത്. ഇയാൾ റോസമ്മയോടും മേയറെപ്പറ്റി അന്വേഷിക്കുകയും അസഭ്യം പറയുകയും ചെയ്തിരുന്നു. സംഭവത്തെ തുടർന്ന് സമീപത്തെ സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് പ്രതി നിരവധി തവണ കത്തിയുമായി മേയറുടെ വീടിന് മുന്നിൽ എത്തിയതായി കണ്ടെത്തിയത്.

നിരീക്ഷണ കാമറയിൽ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഇയാൾ ഇടയ്ക്കിടെ കൊല്ലത്തെത്തി ലോഡ്ജ് മുറികളിൽ താമസിക്കാറുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ പുലർച്ചെ കൊല്ലത്തെ ലോഡ്ജ് മുറിയിൽ നിന്നാണ് പിടി കൂടിയത്. ഇയാൾ വർഷങ്ങൾക്ക് മുമ്പ് ആശ്രാമം കാവടിപ്പുറത്ത് വാടകയ്ക്ക് താമസിച്ചിട്ടുണ്ട്. കൊല്ലം ഈസ്റ്റ്, രാമങ്കരി, വഞ്ചിയൂർ, ഫോർട്ട്, മംഗലപുരം, അടൂർ സ്റ്റേഷനുകളിൽ വിസ തട്ടിപ്പ് കേസുകളിൽ പ്രതിയാണ്. മേയർക്കെതിരെ വധഭീഷണി മുഴക്കിയതിന്റെ കാരണം സംബന്ധിച്ച് ചോദ്യം ചെയ്ത ശേഷം ഇന്ന് കോടതിയിൽ ഹാജരാക്കും.

'എട്ടു വർഷം മുമ്പ് ആശ്രാമത്ത് താമസിച്ചിരുന്നുവെന്നാണ് പ്രതി പൊലീസിന് മൊഴി നൽകിയത്. മുമ്പ് വീടിന് സമീപം താമസിച്ചെങ്കിൽ വീണ്ടും വീടിനെപ്പറ്റി തിരക്കി കണ്ടുപിടിക്കേണ്ട ആവശ്യമില്ലല്ലോ. ഇതിന് പിന്നിൽ ഗൂഢാലോചനയുണ്ട്.'

-ഹണി ബെഞ്ചമിൻ,

മേയർ