ക്ഷേമപെൻഷൻ വിതരണം 20മുതൽ

Tuesday 17 June 2025 2:42 AM IST

തിരുവനന്തപുരം: ഈ മാസത്തെ ക്ഷേമപെൻഷൻ 20മുതൽ വിതരണം ചെയ്യുമെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ.നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് പ്രചരണത്തിൽ ക്ഷേമപെൻഷൻ വിതരണത്തെ കോൺഗ്രസ് നേതാക്കൾ വിമർശിച്ചത് ചർച്ചയായിരുന്നു. 19നാണ് നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്. സർക്കാരിന്റെ ഭരണനേട്ടങ്ങളിൽ ഏറ്റവും ഉയർത്തിക്കാട്ടുന്നതും മുടങ്ങാതെയുള്ള പെൻഷൻ വിതരണമാണ്. കഴിഞ്ഞ ഒൻപത് വർഷത്തെ ഭരണത്തിനിടയിൽ കാര്യമായ കുടിശികയില്ലാതെ ക്ഷേമപെൻഷൻ വിതരണം ചെയ്യാൻ സർക്കാർ ശ്രദ്ധിച്ചിരുന്നു. ഇതിനിടയിൽ അഞ്ച് മാസത്തെ കുടിശിക വന്നെങ്കിലും അതിൽ 3മാസത്തെ കുടിശികയും ഇതിനകം വിതരണം ചെയ്തു. ശേഷിക്കുന്ന രണ്ടു കുടിശികകൾ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രിയും ധനമന്ത്രിയും ഉറപ്പും നൽകി. 62ലക്ഷത്തോളം പേർക്ക് പ്രതിമാസം 1600 രൂപയാണ് പെൻഷനായി ലഭിക്കുക. ഈ സർക്കാരിന്റെ നാലു വർഷ കാലയളവിൽ 38,500 കോടി രൂപയും 2016-21ലെ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്താകട്ടെ, യു.ഡി.എഫ് ഭരണകാലത്തെ 18മാസത്തെ കുടിശ്ശികയുൾപ്പെടെ 35,154കോടി രൂപയും ഉൾപ്പെടെ 73,654 കോടി രൂപയാണ് ക്ഷേമപെൻഷനായി വിതരണം ചെയ്തത്.