കലാപാഹ്വാനം: കേസ് റദ്ദാക്കാൻ രാഹുൽ ഈശ്വറിന്റെ ഹർജി
Tuesday 17 June 2025 2:53 AM IST
കൊച്ചി: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയെ തുടർന്ന് ചാനൽ ചർച്ചയിൽ കലാപത്തിന് ആഹ്വാനം ചെയ്‌തെന്നാരോപിച്ച് പൊലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കാൻ രാഹുൽ ഈശ്വർ ഹൈക്കോടതിയെ സമീപിച്ചു. ഹർജിയിൽ ജസ്റ്റിസ് വി.ജി. അരുൺ സർക്കാരിന്റെ വിശദീകരണം തേടി.
'എന്റെ നെഞ്ചിൽ ചവിട്ടിയേ സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശിക്കാനാകൂ" എന്നായിരുന്നു രാഹുലിന്റെ പരാമർശം. ഇത് കലാപത്തിനുള്ള ആഹ്വാനമാണെന്ന കുറ്റം ചുമത്തി ആലപ്പുഴ സൗത്ത് പൊലീസ് കേസെടുക്കുകയായിരുന്നു. ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ കുറ്റപത്രവും സമർപ്പിച്ചു. തന്റെ പരാമർശത്തിലൽ കലാപാഹ്വാനമില്ലെന്നും കേസിലെ തുടർനടപടികൾ റദ്ദാക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം.