ഇന്ന് അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് മുന്നറിയിപ്പ്, കാസർകോട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

Tuesday 17 June 2025 7:04 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് അറിയിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തെക്കൻ ഗുജറാത്തിനു മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നു. അടുത്ത 24 മണിക്കൂറിനുള്ളിൽ ന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാദ്ധ്യതയുണ്ട്. മറ്റൊരു ചക്രവാതച്ചുഴി വടക്ക് - പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിൽ സ്ഥിതിചെയ്യുന്നു. കേരളത്തിന് മുകളിൽ പടിഞ്ഞാറൻ കാറ്റ് ശക്തമായി തുടരുന്നു. ഇക്കാരണങ്ങളാൽ കേരളത്തിൽ അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴയ്ക്ക് സാദ്ധ്യത. ഇന്ന് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഇന്ന് കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടുമുണ്ട്. ഒരു ജില്ലകളിലും റെഡ് അലർട്ടില്ല.

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കാസ‌ർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച് ജില്ലാ കളക്‌ടർ. ജില്ലയിലെ സ്‌കൂളുകൾ, കോളേജുകൾ, പ്രൊഫഷണലുകൾ കോളേജുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, ട്യൂഷൻ സെന്ററുകൾ, മദ്രസകൾ, അങ്കണവാടികൾ, സ്‌പെഷ്യൽ ക്ളാസുകൾ എന്നിവയ്ക്കും അവധി ബാധകമാകുമെന്ന് കളക്‌ടർ അറിയിച്ചു. പരീക്ഷകൾ മുൻ നിശ്ചയപ്രകാരം നടക്കുമെന്നും പരീക്ഷാ കേന്ദ്രങ്ങളിൽ മാറ്റമുണ്ടാകില്ലെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കി.

അടുത്ത മൂന്ന് മണിക്കൂറിൽ തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് (ഓറഞ്ച് അലർട്ട്: അടുത്ത മൂന്നു മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.