ആലപ്പുഴയിൽ അർത്തുങ്കൽ ഹാർബറിന് സമീപം അജ്ഞാത മൃതദേഹം; അന്വേഷണം ആരംഭിച്ച് പൊലീസ്

Tuesday 17 June 2025 8:50 AM IST

ആലപ്പുഴ: അർത്തുങ്കൽ ഹാർബറിന് സമീപം അജ്ഞാത മൃതദേഹം തീരത്തടിഞ്ഞതായി വിവരം. പുരുഷന്റെ മൃതദേഹമാണ്. വാൻഹായ് കപ്പലിൽ നിന്ന് കാണാതായ യെമൻ പൗരന്റേതാണ് മൃതദേഹമെന്നാണ് പൊലീസ് സംശയിക്കുന്നത്.

ഇന്ന് രാവിലെയാണ് അജ്ഞാത മൃതദേഹം തീരത്തടിഞ്ഞത്. മൃതദേഹം ആദ്യം കണ്ട മത്സ്യത്തൊളിലാളികൾ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. മൃതദേഹത്തിന് ദിവസങ്ങൾ പഴക്കമുണ്ട്. പൊലീസ് നടപടിക്രമങ്ങൾ ആരംഭിച്ചു.

കണ്ണൂർ അഴീക്കൽ തുറമുഖത്ത് നിന്ന് 44 നോട്ടിക്കൽ മൈൽ അകലെ കടലിൽ കഴിഞ്ഞ തിങ്കളാഴ്‌ചയാണ് സിംഗപ്പൂർ കപ്പലായ വാൻ ഹായ് 503ൽ പൊട്ടിത്തെറി ഉണ്ടായത്. കഴി‌ഞ്ഞ‌ദിവസം കപ്പലിനെ കേരള തീരത്തുനിന്ന് 50 നോട്ടിക്കൽ മൈൽ അകലെ ആയിരം മീറ്ററിലധികം ആഴമുള്ള കടലിൽ എത്തിച്ചതോടെ ആശങ്ക ഒഴിഞ്ഞിരുന്നു. കപ്പലിലെ കനത്ത പുക അടങ്ങിയിട്ടില്ലെങ്കിലും തീ നിയന്ത്രണ വിധേയമായിട്ടുണ്ട്. രണ്ട് ടഗ്ഗുകൾ ഉപയോഗിച്ച് കപ്പലിനെ വലിച്ചുനീക്കുന്നതിനൊപ്പം തീകെടുത്താനുള്ള ശ്രമവും തുടരുകയാണ്. കപ്പലിൽ പരിശോധന നടത്തിയെങ്കിലും കാണാതായ നാല് ജീവനക്കാരെ കണ്ടെത്താനായിരുന്നില്ല.

ഒരാഴ്ച നീണ്ട രക്ഷാദൗത്യത്തിനൊടുവിലാണ് കോസ്റ്റ് ഗാർഡും നാവികസേനയും കപ്പലിനെ സുരക്ഷിതമേഖലയിൽ എത്തിച്ചത്. തീയണയ്ക്കാനും ഉരുക്കുചട്ടക്കൂടിനെ തണുപ്പിച്ച് ഇന്ധന ടാങ്കിലേക്ക് തീപടരുന്നത് ഒഴിവാക്കാനുമുള്ള ദൗത്യമാണ് തുടരുന്നത്. കോസ്റ്റ് ഗാർഡ്, നാവികസേന എന്നിവയുടെ കപ്പലുകളും വിമാനങ്ങളുമാണ് തീയണയ്ക്കാനുള്ള ദൗത്യത്തിലേർപ്പെട്ടിരിക്കുന്നത്.

ഇന്നലെ ആലപ്പുഴയിൽ അമ്പലപ്പുഴയ്‌ക്കടുത്ത് വളഞ്ഞവഴി കാക്കാഴം കടപ്പുറത്ത് ഒരു കണ്ടെയ്‌നർ തീരത്തടിഞ്ഞിരുന്നു. പറവൂർ അറപ്പപ്പൊഴി തീരത്ത് ഒരു ലൈഫ്‌ബോട്ടും അടിഞ്ഞിട്ടുണ്ട്. ഇതിൽ വാൻ ഹായ് 503 എന്ന് എഴുതിയിട്ടുണ്ട്. കണ്ടെയ്‌നർ തീപിടിച്ച കപ്പലിൽ നിന്നുള്ളതാണെന്നാണ് പൊലീസിന്റെ നിഗമനം.