ഗ്രൗണ്ടിൽ അദ്ധ്യാപികയുടെ കാറിടിച്ച് വിദ്യാർത്ഥിനിയുടെ കാലിന് ഗുരുതര പരിക്ക്; സ്‌കൂളിൽ സഹപാഠികളുടെ പ്രതിഷേധം

Tuesday 17 June 2025 11:23 AM IST

മലപ്പുറം: അദ്ധ്യാപികയുടെ കാർ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ ഇടിച്ചെന്ന് പരാതി. മലപ്പുറം എംഎസ്‌പി സ്‌കൂളിലെ ഗ്രൗണ്ടിലായിരുന്നു സംഭവം. വിദ്യാർത്ഥിയുടെ കാലിന് ഗുരുതരമായി പരിക്കേറ്റെന്നാണ് പരാതി. കനത്ത മഴയിലും കുട്ടികൾ സ്‌കൂളിൽ പ്രതിഷേധിക്കുകയാണ്.

കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം നടന്നത്. സ്‌കൂളിലെ അദ്ധ്യാപികയായ ബീഗത്തിന്റെ കാറിടിച്ച് പത്താം ക്ലാസ് വിദ്യാർത്ഥിനിയായ മിർഷയ്ക്കാണ് പരിക്കേറ്റത്. അപകടമുണ്ടായതിന് ശേഷം മിർഷയെ ആശുപത്രിയിലെത്തിക്കുന്നതിൽ കാലതാമസമുണ്ടായെന്നാണ് സഹപാഠികൾ പറയുന്നത്.

ആശുപത്രിയിലെത്തിച്ച ശേഷം, സ്‌കൂളിന്റെ മതിലിടിഞ്ഞാണ് അപകടമുണ്ടായതെന്നും, അദ്ധ്യാപികയുടെ കാറിടിച്ചതാണെന്ന് പറയരുതെന്നും വിദ്യാർത്ഥിനിയെ അധികൃതർ താക്കീത് ചെയ്തതായും ആരോപണമുണ്ട്. വിദ്യാർത്ഥിനിയുടെ കാലിന് കമ്പിയിട്ടിരിക്കുകയാണ്.

'ഞങ്ങൾ ഗ്രൗണ്ടിൽ സംസാരിച്ചിരിക്കുകയായിരുന്നു. പെട്ടന്നാണ് ഓളെ വണ്ടി കൊണ്ടുപോയത്. ഞങ്ങൾ ഷോക്കായി നിൽക്കുകയായിരുന്നു. പിന്നെ എല്ലാവരും വന്ന് അവളെ കൊണ്ടുപോയി ബെഞ്ചിൽ കിടത്തി. ആംബുലൻസ് വരാനും വൈകി. സഹകരണ ആശുപത്രിയിലാണ് കൊണ്ടുപോയത്. കാലിന്റെ മുകളിലേക്ക് മതിൽ വീണെന്നാണ് അവർ ആശുപത്രിയിൽ പറഞ്ഞത്.

യൂണിഫോമിട്ട് ആശുപത്രിയിൽ നിർത്തരുതെന്ന് പറഞ്ഞ് ഞങ്ങളെ പുറത്ത് നിർത്തി. ആശുപത്രിയിൽ യൂണിഫോമിട്ട് വിദ്യാർത്ഥികൾക്ക് നിൽക്കരുതെന്ന് ഏത് നിയമത്തിലാണുള്ളത്. ബീഗം ടീച്ചറുടെ അനിയൻ ഡോക്ടറാണ്. ആ ആശുപത്രിയിലാണ് ജോലി ചെയ്യുന്നത്. കേസാകുമെന്ന് കരുതിയാണ് അവിടെത്തന്നെ കൊണ്ടുപോയത്. രണ്ട് പൊട്ടലുണ്ടെന്നായിരുന്നു അവിടുന്ന് പറഞ്ഞത്.

അവളുടെ രക്ഷിതാക്കളെത്തി വേറെ ആശുപത്രിയിലാക്കി. അപ്പോഴാണ് മൂന്ന് പൊട്ടുണ്ടെന്ന് അറിയുന്നത്. ഇവൾക്ക് നഷ്ടപരിഹാരം കൊടുക്കാമെന്ന് ടീച്ചർ പറഞ്ഞു. പക്ഷേ ഇൻഷുറൻസ് കിട്ടിയാൽ ആ തുക തിരിച്ചുകൊടുക്കണമെന്നും അദ്ധ്യാപിക ആവശ്യപ്പെട്ടു. '- വിദ്യാർത്ഥികൾ പറഞ്ഞു. സംഭവത്തിൽ അധികൃതർ പ്രതികരിച്ചിട്ടില്ല.