കൊച്ചിയിൽ നിന്നുപറന്ന ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി, അടിയന്തര ലാൻഡിംഗ്

Tuesday 17 June 2025 1:40 PM IST

ന്യൂഡൽഹി: കൊച്ചിയിൽ നിന്ന് ഡൽഹിയിലേയ്ക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി. കൊച്ചിയിൽ നിന്ന് 9.15ന് പുറപ്പെട്ട വിമാനത്തിന് ബോംബ് ഭീഷണിയുണ്ടായതിനെത്തുടർന്ന് അടിയന്തരമായി നാഗ്‌പൂരിൽ ഇറക്കി. വിമാനത്തിലെ യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. പൊലീസും ബോംബ് സ്‌ക്വാഡും ചേർന്ന് വിമാനത്തിൽ പരിശോധന നടത്തുകയാണ്.

മസ്‌കറ്റിൽ നിന്ന് കൊച്ചിയിലെത്തിയ വിമാനമാണ് പിന്നീട് ഡൽഹിക്ക് പറന്നത്. ഇതിനിടെ 9.30ന് സിയാലിന്റെ ഇമെയിലിലേയ്ക്ക് ഭീഷണി സന്ദേശം എത്തുകയായിരുന്നു. പരിശോധനയിൽ ഇതുവരെ അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ലെന്നും പരിശോധനകൾക്കുശേഷം വിമാനം ഡൽഹിക്ക് പുറപ്പെടുമെന്നും അധികൃതർ വ്യക്തമാക്കി.