പുതിയ പദ്ധതി: കേരളം ലക്ഷ്യമിടുന്നത് 45 കോടിയുടെ വികസനം, മുഖം മാറ്റുന്ന പദ്ധതി
കൊല്ലം: നീണ്ടകര മാരിടൈം എഡ്യുക്കേഷൻ ആൻഡ് എഡ്യുട്ടെയ്ൻമെന്റ് ഹബ്ബ് പദ്ധതിയിലൂടെ കേരള മാരിടൈം ബോർഡ് ലക്ഷ്യമിടുന്നത് കുറഞ്ഞത് 45 കോടിയുടെ വികസനം. പദ്ധതിക്ക് ലഭിച്ച താല്പര്യപത്രങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിപ്പ് ഏജൻസികളെ തിരഞ്ഞെടുക്കാനുള്ള ടെണ്ടർ നടപടി ആരംഭിച്ചു.
മാരിടൈം വിദ്യാഭ്യാസ രംഗത്തെ പ്രവൃത്തി പരിചയം, സാമ്പത്തിക ഭദ്രത, ലക്ഷ്യമിടുന്ന കോഴ്സുകൾ, കോഴ്സ് നടത്തിപ്പിൽ വിദേശ രാജ്യങ്ങൾ, വിവിധ സർവകലാശാലകൾ എന്നിവയുമായുള്ള ധാരണ, പ്ലേസ്മെന്റ്, ലക്ഷ്യമിടുന്ന പദ്ധതിയുടെ വിജയ സാദ്ധ്യത, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ സാങ്കേതിക ഘടകങ്ങളും വരുമാനത്തിന്റെ പങ്കുവയ്ക്കലും അടിസ്ഥാനമാക്കിയാകും ഏജൻസിയെ തിരഞ്ഞെടുക്കുക. കരാർ കമ്പനിക്ക് കുറഞ്ഞത് 30 വർഷത്തേക്ക് സ്ഥലം വിട്ടുനൽകും.
മൂന്ന് മാസത്തിനകം കരാർ
ടെണ്ടറുകളുടെ സാങ്കേതിക, സാമ്പത്തിക പരിശോധനകൾ പൂർത്തിയാക്കി മൂന്ന് മാസത്തിനകം കരാർ ഒപ്പിടാനാണ് ആലോചന. ഏറ്റവും മികച്ച പദ്ധതി നിർദ്ദേശങ്ങളുടെ പട്ടിക തയ്യാറാക്കി അന്തിമ തീരുമാനം സർക്കാരിന് വിടാനും സാദ്ധ്യതയുണ്ട്. എത്ര വർഷത്തേക്ക് സ്ഥലം വിട്ടുനൽകണമെന്ന കാര്യത്തിലും സർക്കാരാകും തീരുമാനമെടുക്കുക.
........................................
കെട്ടിട നിർമ്മാണം പൂർത്തിയാക്കണം
കുറഞ്ഞത് 500 പേരെ പഠിപ്പിക്കണം
യോഗ്യരായ അദ്ധ്യാപകരുണ്ടാകണം
പ്രവേശനത്തിൽ സംവരണം ഉറപ്പാക്കണം
ഗവേഷണം, പി.ജി. യു.ജി സർട്ടിഫിക്കറ്റ് കോഴ്സുകൾ
ഡയറക്ടർ ജനറൽ ഒഫ് ഷിപ്പിംഗ് അംഗീകാരം വേണം
യു.ജി.സി, സർവകലാശാല അംഗീകാരവും
ഷിപ്പിംഗ്, ലോജിസ്റ്റിക്സ്, മാരിടൈം ടെക്നോളജി കോഴ്സുകൾ
ടൂറിസം സാദ്ധ്യത പ്രയോജനപ്പെടുത്താം