ഒമാൻ ഉൾക്കടലിൽ മൂന്ന് കപ്പലുകൾ കൂട്ടിയിടിച്ച് അപകടം; 24 ജീവനക്കാരെ രക്ഷപ്പെടുത്തി
Tuesday 17 June 2025 4:17 PM IST
അബുദാബി: ഒമാൻ ഉൾക്കടലിൽ കപ്പലുകൾ കൂട്ടിയിടിച്ച് അപകടം. കൂട്ടിയിടിച്ച അഡലിൻ എണ്ണക്കപ്പലിൽ നിന്ന് 24 ജീവനക്കാരെ രക്ഷപ്പെടുത്തിയതായി യുഎഇ ദേശീയ സുരക്ഷാ സേനയിലെ തീരദേശ സുരക്ഷാ വിഭാഗം അറിയിച്ചു. മൂന്ന് കപ്പലുകൾ തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായതെന്നാണ് വിവരം. ഉടൻ തന്നെ അടിയന്തരമായി ജീവനക്കാരെ കപ്പലിൽ നിന്ന് രക്ഷപ്പെടുത്തി.
യുഎഇയുടെ 24 നോട്ടിക്കൽ മൈൽ അകലെ ഒമാൻ ഉൾക്കടലിലാണ് അപകടം ഉണ്ടായതെന്ന് ദേശീയ സുരക്ഷാ സേന അറിയിച്ചു. അഡലിൻ എണ്ണക്കപ്പലും മറ്റ് രണ്ട് കപ്പലുകളും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. സംഭവം അറിഞ്ഞ ഉടൻതന്നെ രക്ഷാപ്രവർത്തന ബോട്ടുകൾ സ്ഥലത്തെത്തിയിരുന്നു. എല്ലാ ജീവനക്കാരെയും രക്ഷപ്പെടുത്തി ഖോർഫക്കാൻ തുറമുഖത്തെത്തിച്ചു.