മഴക്കെടുതിയിൽ ഇന്ന് മൂന്ന് മരണം; കോഴിക്കോട് മൂന്നര വയസുകാരി തോട്ടിൽ വീണ് മരിച്ചു

Tuesday 17 June 2025 4:21 PM IST

കോഴിക്കോട്: സംസ്ഥാനത്ത് മഴക്കെടുതിയിൽ മൂന്ന് മരണം കൂടി. കോഴിക്കോട് അന്നശ്ശേരിയിൽ തോട്ടിൽ വീണ് മൂന്നര വയസുകാരി മരിച്ചു. കളിക്കുന്നതിനിടെ വീടിന് സമീപമുള്ള തോട്ടിൽ വീഴുകയായിരുന്നു. അന്നശ്ശേരി കൊളങ്ങരത്തുതാഴം നിഖിലിന്റെ മകൾ നക്ഷത്രയാണ് മരിച്ചത്. തോട്ടിൽ വീണ കുട്ടി ഒഴുക്കിൽപെട്ടുപോവുകയായിരുന്നു. വീടിന് അര കിലോമീറ്റർ അകലെയാണ് മൃതദേഹം കണ്ടെത്തിയത്.

കാസർകോട് തോട്ടിൽ വീണ് വീട്ടമ്മ മരിച്ചു. മധൂർ കേളുഗുഡെയിലെ ഭവാനി (63) ആണ് മരിച്ചത്. കൊട്ടിയൂർ ബാവലി പുഴയുടെ ഭാഗമായ അണുങ്ങോട് പുഴയിൽ നിന്ന് ഒരാളുടെ മൃതദേഹം കണ്ടെത്തി. കഴിഞ്ഞ ദിവസം കൊട്ടിയൂരിൽ രണ്ട് തീർത്ഥാടകരെ കാണാതായിരുന്നു. കോഴിക്കോട് അത്തോളി സ്വദേശി നിഷാന്തിന്റെ മൃതദേഹമാണ് ഇന്ന് കണ്ടെത്തിയത്. ശനിയാഴ്ച പുലർച്ചെ കുളിക്കാൻ ഇറങ്ങിയപ്പോൾ അപകടത്തിൽപ്പെടുകയായിരുന്നു. കുടുംബത്തോടൊപ്പം കൊട്ടിയൂരിൽ ദർശനത്തിന് എത്തിയതായിരുന്നു.

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. അതിതീവ്ര മഴയ്ക്ക് സാദ്ധ്യതയുള്ളതിനാൽ വിവിധ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലർട്ട്. 24 മണിക്കൂറിൽ 204.4 മില്ലിമീറ്റ‌റിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ (Extremely Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥാ വകുപ്പ് അർത്ഥമാക്കുന്നത്. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്.