ബേക്കറി കുത്തിത്തുറന്ന് മോഷണം: 6000 രൂപ കവർന്നു

Wednesday 18 June 2025 12:44 AM IST

തിരുവല്ല : എം.സി റോഡിലെ തിരുമൂലപുരത്ത് ബേക്കറിയുടെ ഷട്ടർ കുത്തിത്തുറന്ന് മോഷണം. അമ്പാടിയിൽ ബേക്കറി ആൻഡ് കഫേയിലാണ് മോഷണം നടന്നത്. സ്ഥാപനത്തിന്റെ പ്രധാന ഷട്ടറിന്റെ താഴ് തകർത്ത് അകത്തുകയറിയ യുവാക്കൾ അടങ്ങുന്ന അഞ്ചംഗസംഘം മേശയിൽ ഉണ്ടായിരുന്ന ആറായിരത്തോളം രൂപ കവർന്നു. ഇന്നലെ രാവിലെ എട്ടരയോടെ ജീവനക്കാരൻ സുരേന്ദ്രൻ കട തുറക്കാനെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. ഉടൻതന്നെ സ്ഥാപന ഉടമയെയും മറ്റ് ജീവനക്കാരെയും വിവരം അറിയിച്ചു. സ്ഥാപന ഉടമയുടെ പരാതിയിൽ പൊലീസ് തെളിവുകൾ ശേഖരിച്ചു. ഇന്നലെ പുലർച്ചെ 3.20ന് ഷട്ടറിന്റെ പൂട്ടുതകർത്ത് ബേക്കറിക്കുള്ളിൽ കയറിയ മഴക്കോട്ടും തൊപ്പിയും ധരിച്ച സംഘം പണം പരതുന്ന ദൃശ്യങ്ങൾ സ്ഥാപനത്തിലെ സി.സി ടി.വികളിൽ നിന്ന് ലഭിച്ചിട്ടുണ്ട്. മോഷണം നടന്ന ബേക്കറിയുടെ എതിർവശത്ത് പ്രവർത്തിക്കുന്ന തട്ടുകടയിലെത്തിയ സംഘം മോഷണശ്രമം നടത്തുകയും ഇവിടെ സൂക്ഷിച്ചിരുന്ന ഗ്യാസ് അടുപ്പ് സമീപത്തെ വെള്ളക്കെട്ടിൽ ഉപേക്ഷിക്കുകയും ചെയ്തു. സ്ഥാപനത്തിൽ നിന്ന് ലഭിച്ച സി സി ടി.വി ദൃശ്യങ്ങൾ അടിസ്ഥാനമാക്കി പ്രതികൾക്കായുള്ള അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

പ്രതികളുടെ ദൃശ്യങ്ങൾ സി.സി ടി.വിയിൽ