എസ്.ബി.ഐ കാർഡ് ഉടമകൾക്ക് ചെലവേറും

Wednesday 18 June 2025 12:45 AM IST

കൊച്ചി: എസ്.ബി.ഐ കാർഡ് ഉപയോഗിക്കുന്നവരുടെ പ്രതിമാസ തിരിച്ചടവ് തുക(ഇ.എം.ഐ) ജൂലായ് 15 മുതൽ വർദ്ധിക്കും. ക്രെഡിറ്റ് കാർഡിലൂടെ ചെലവഴിക്കുന്ന പണം തിരിച്ചടക്കുമ്പോൾ പ്രതിമാസം മിനിമം തുക അടച്ച് നീങ്ങുന്നവർക്ക് അധിക ബാദ്ധ്യത സൃഷ്‌ടിക്കുന്ന തരത്തിൽ എസ്.ബി.ഐ കാർഡ് ചാർജുകളിൽ മാറ്റം വരുത്തി. മിനിമം ചാർജ് അടച്ചു പോകുന്നവർക്ക് 100 ശതമാനം ചരക്ക് സേവന നികുതി നൽകേണ്ടിവരും. പ്രതിമാസ തിരിച്ചടവ് തുക, സെസ്, പിഴകൾ എന്നിവയിലും മാറ്റം വരുത്തി. തിരിച്ചടക്കാനുള്ള തുകയുടെ രണ്ട് ശതമാനവും ഇ.എം.ഇയിൽ ഉൾപ്പെടുത്തും. ഇതോടൊപ്പം ജൂലായ് 15 മുതൽ എസ്.ബി.ഐ കാർഡ് ഉടമകൾക്ക് സൗജന്യ അപകട ഇൻഷ്വറൻസും ലഭിക്കില്ല. നിലവിൽ തെരഞ്ഞെടുത്ത ബിസിനസ് കാർഡ് ഉടമകൾക്ക് ഒരു കോടി വരെ അപകട ഇൻഷ്വറൻസ് ലഭിച്ചിരുന്നു.

വായ്പയ്ക്കും നിക്ഷേപങ്ങൾക്കും പലിശ കുറയും

റിസർവ് ബാങ്ക് റിപ്പോ നിരക്കിൽ വരുത്തിയ മാറ്റങ്ങൾ കണക്കിലെടുത്ത് വായ്പകളുടെയും നിക്ഷേപങ്ങളുടെയും പലിശ എസ്.ബി.ഐ കുറച്ചു. പുതിയ നിരക്കനുസരിച്ച് എല്ലാ കാലാവധിയിലുമുള്ള വിവിധ എസ്.ബി നിക്ഷേപങ്ങളുടെ പലിശ 2.5 ശതമാനമായി കുറയും. റിപ്പോയുമായി ബന്ധിപ്പിച്ച വായ്പകളുടെ പലിശ എസ്.ബി.ഐ അര ശതമാനം കുറച്ച് 7.75 ശതമാനമാക്കി. എന്നാൽ എല്ലാ വായ്പാ ദാതാക്കൾക്കും ഇതിന്റെ പ്രയോജനം ലഭിക്കില്ല. വിവിധ കാലാവധിയിലുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ കാൽ ശതമാനവും കുറച്ചു.