മുൻചീഫ് സെക്രട്ടറിക്കെതിരെ വിമർശനവുമായി പ്രശാന്ത്

Wednesday 18 June 2025 12:56 AM IST

തിരുവനന്തപുരം: മുൻ ചീഫ് സെക്രട്ടറി കെ.എം.എബ്രഹാം അദ്ദേഹത്തിന് എതിരെയുള്ള സി.ബി.ഐ അന്വേഷണ നീക്കത്തെ വിമർശിച്ച് സാമൂഹ്യമാദ്ധ്യമത്തിലിട്ട കുറിപ്പിനെ ട്രോളി സസ്പെൻഷനിലുള്ള ഐ.എ.എസ്.ഓഫീസർ എൻ.പ്രശാന്ത്. തനിക്ക് എതിരെയുള്ള നടപടികളെ എങ്ങനെ നേരിടുന്നു എന്ന് ചൂണ്ടിക്കാട്ടിയശേഷമാണ് എബ്രഹാമിലേക്ക് കടക്കുന്നത്.

അന്വേഷണ ഉദ്യോഗസ്ഥനിൽ നിന്നോ കേഡർ നിയന്ത്രണ അതോറിറ്റിയിൽ നിന്നോ എനിക്ക് നീതി ലഭിക്കില്ലെന്ന് എനിക്ക് പൂർണ്ണമായി ബോധ്യമുണ്ടായിട്ടും, അന്യായമായ അന്വേഷണത്തെ ആത്മവിശ്വാസത്തോടെ നേരിടുകയും എന്റെ ഭാഗം സമർപ്പിക്കുകയും ചെയ്തു. സ്റ്റേ വാങ്ങാനോ അന്വേഷണം സ്തംഭിപ്പിക്കാനോ ഞാൻ അലഞ്ഞു നടന്നിട്ടില്ല. പക്ഷേ ഒടുവിൽ അത് തെറ്റായി തീർപ്പാക്കപ്പെട്ടാൽ, എല്ലാവരെയും കോടതി കയറ്റും. എനിക്ക് ജുഡിഷ്യറിയിൽ പൂർണ്ണ വിശ്വാസമുണ്ട്. പ്രക്രിയ പൂർത്തിയാക്കട്ടെ, എനിക്ക് തിടുക്കമില്ല.'

'അങ്ങയുടെ കേസ് അനധികൃത സ്വത്ത് സമ്പാദന ആരോപണം മാത്രമാണ്. ശരിയായ രേഖകളുണ്ടെങ്കിൽ സിബിഐക്ക് ആറുമാസം കൊണ്ട് അന്വേഷിച്ച് തീർക്കാം. അതിനെ തടയാൻ കപിൽ സിബലിനെപ്പോലുള്ളവർക്ക് കോടികൾ നൽകി കോടതിയിൽ പോകുന്നതിന് പകരം, അന്വേഷണത്തെ നേരിടുകയാണ് വേണ്ടതെന്ന് ഞാൻ വിനയത്തോടെ അഭിപ്രായപ്പെടുന്നു,' എന്നാണ് പ്രശാന്ത് കമന്റിൽ കുറിച്ചത്. പ്രശാന്തിന്റെ കമന്റിന് മണിക്കൂറുകളായിട്ടും എബ്രഹാം മറുപടി എഴുതിയിട്ടില്ല.

എബ്രഹാം മൗനം തുടരുന്നതിനാൽ, പ്രശാന്ത് തന്റെ കമന്റും എബ്രഹാമിന്റെ പോസ്റ്റും ചേർത്ത് സ്വന്തം വാളിൽ പ്രതിഷ്ഠിച്ച് പുതിയൊരു അങ്കം കുറിച്ചു. താനാണ് യഥാർത്ഥ ഇര എന്നും എബ്രഹാമിനെപ്പോലുള്ള മുതിർന്ന ഉദ്യോഗസ്ഥർ നീതി നടപ്പാക്കുന്നതിൽ താല്പര്യമോ ജാഗ്രതയോ കാട്ടുന്നില്ലെന്നും പറഞ്ഞു വെക്കുന്നുണ്ട്. എബ്രഹാം ഹൈക്കോടതി ജഡ്ജിക്കെതിരെ നടത്തിയ പരോക്ഷ പരാമർശം കോടതിയലക്ഷ്യമായേക്കാമെന്നും, സർക്കാർ ഫയലുകളിലെ അഴിമതി തുറന്നുകാട്ടിയതിനാണ് താൻ സസ്‌പെൻഷനിലായതെന്നും ഓർമ്മിപ്പിച്ചുകൊണ്ടാണ് പ്രശാന്ത് കുറിപ്പ് അവസാനിപ്പിക്കുന്നത്‌