വീട്ടമ്മയുടെ സ്വർണ്ണമാല കവർന്ന സംഭവം: മൂന്നാം പ്രതിയും അറസ്റ്റിൽ 

Wednesday 18 June 2025 12:58 AM IST
രതി

പത്തനംതിട്ട : മലയാലപ്പുഴ ദേവി ക്ഷേത്രത്തിൽ ദർശനത്തിന് എത്തിയ വീട്ടമ്മയുടെ നാലര പവൻ സ്വർണ്ണമാല കവർന്ന നാടോടി സംഘത്തിലെ മൂന്നാ പ്രതിയെ മലയാലപ്പുഴ പൊലീസ് ഫോർമൽ അറസ്റ്റ് രേഖപ്പെടുത്തി കസ്റ്റഡിയിൽ വാങ്ങി. അട്ടക്കുളങ്ങര സബ് ജയിലിൽ കഴിഞ്ഞുവന്നിരുന്ന തമിഴ്നാട് തിരുവല്ലൂർ പൊളിവാക്കം വൈഷ്ണവി നഗർ ഇളയരാജയുടെ ഭാര്യ മധു എന്ന രതി (40)യെയാണ് കോടതി ഉത്തരവ് പ്രകാരം മലയാലപ്പുഴ എസ്.ഐ വി.എസ് കിരണിന്റെ നേതൃത്വത്തിൽ ജയിലിലെത്തി അറസ്റ്റ് രേഖപ്പെടുത്തിയത്. ഈ മാസം ഒന്നിന് രാവിലെ 8.30നും ഒൻപതിനും ഇടയിലാണ് ക്ഷേത്രത്തിന്റെ ശ്രീകോവിലിനു സമീപം സംഘം പത്തനംതിട്ട തോന്ന്യാമല പട്ടംതറ കിഴക്കേക്കര വീട്ടിൽ സുധാ ശശിയുടെ താലിയടക്കം നാലരപവന്റെ മാല മോഷ്ടിച്ചത്. തുടർന്ന് സുധ മലയാലപ്പുഴ പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത് ഒന്നും രണ്ടും പ്രതികളായ തമിഴ്നാട് വെള്ളാച്ചി പള്ളിവാസൽ കോട്ടൂർ ഡോർ നമ്പർ 75ൽ ജൂലി (53), രാജപാളയം തെൻഡ്രൽ നഗർ 502/3133 പ്രിയ എന്ന് അറിയപ്പെടുന്ന ജക്കമ്മാൾ (42) എന്നിവർ നേരത്തെ പിടിയിലായിരുന്നു. കസ്റ്റഡിയിൽ വാങ്ങിയ രതിയെ തെളിവെടുപ്പിന് ശേഷം കോടതിയിൽ തിരികെ ഹാജരാക്കി.