ഒറ്റത്തവണ പ്ലാസ്റ്റിക് വേണ്ട
കൊച്ചി: വിവാഹച്ചടങ്ങുകളിലും ഹോട്ടലുകളിലും മലയോര വിനോദസഞ്ചാര കേന്ദ്രങ്ങളിലും ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധിച്ച് ഹൈക്കോടതി. അഞ്ച് ലിറ്ററിൽ താഴെയുള്ള പ്ലാസ്റ്റിക് കുടിവെള്ള കുപ്പികളും രണ്ട് ലിറ്ററിൽ താഴെയുള്ള ശീതളപാനീയ കുപ്പികളും നിരോധിച്ചു. നിരോധനം ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ രണ്ടിന് നിലവിൽ വരുമെന്ന് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ്, ജസ്റ്റിസ് പി. ഗോപിനാഥ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
ഉത്തരവ് നടപ്പാക്കാൻ സെപ്തംബറിനകം ചീഫ് സെക്രട്ടറിയും തദ്ദേശ വകുപ്പ് സെക്രട്ടറിയും നടപടി സ്വീകരിക്കണം. ഹൈക്കോടതിയിൽ അപ്പീൽ ഹർജിയുള്ളതിനാൽ 60 ജി.എസ്.എമ്മിൽ കൂടുതലുള്ള നോൺവൂവൻ ബാഗുകൾക്ക് നിരോധനം ബാധകമല്ല. വൃത്തിയുള്ള പരിസ്ഥിതി മൗലികാവകാശമാണെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ബ്രഹ്മപുരത്ത് രണ്ട് വർഷം മുമ്പ് മാലിന്യത്തിന് തീ പിടിച്ചതിനെ തുടർന്ന് സ്വമേധയാ എടുത്ത ഹർജിയാണ് പരിഗണനയിലുള്ളത്.
കോടതി നിർദ്ദേശങ്ങൾ
അഞ്ച് ലിറ്ററിൽ താഴെയുള്ള പ്ലാസ്റ്റിക് കുടിവെള്ള കുപ്പികൾ, രണ്ട് ലിറ്ററിൽ താഴെയുള്ള ശീതള പാനീയ കുപ്പികൾ, സ്‌ട്രോകൾ, ഭക്ഷണ പായ്‌ക്കറ്റുകൾ, പ്ലാസ്റ്റിക് പ്ലേറ്റ്, കപ്പ്, ബേക്കറി ബോക്‌സുകൾ എന്നിവ മലയോര വിനോദ സഞ്ചാര കേന്ദ്രങ്ങളിലും വിവാഹച്ചടങ്ങുകൾ, ഓഡിറ്റോറിയങ്ങൾ, ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ എന്നിവിടങ്ങളിലും പാടില്ല. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഔദ്യോഗിക പരിപാടികളിലും ഇവ ഉപയോഗിക്കരുത്.
ഹിൽസ്റ്റേഷനുകളിൽ കുടിവെള്ള കിയോസ്‌കുകളും വാട്ടർ ഡിസ്‌പെൻസിംഗ് യന്ത്രങ്ങളും സ്ഥാപിക്കണം. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കൊണ്ടുപോകാൻ അനുവദിക്കരുത്. വെള്ളമെടുക്കാൻ സ്റ്റീൽ ഗ്ലാസ് പോലുള്ളവ ലഭ്യമാക്കണം. ചില്ലുകുപ്പികളിലും മറ്റും കുടിവെളളം വിൽക്കാൻ ജില്ലാ ഭരണകൂടവും തദ്ദേശ സ്ഥാപനങ്ങളും സൗകര്യമൊരുക്കണം.
കടൽ, നദി, കനാലുകൾ എന്നിവിടങ്ങളിൽ പ്ലാസ്റ്റിക് തള്ളുന്നത് തടയണം. ജലാശയങ്ങളിലെ പ്ലാസ്റ്റിക് സന്നദ്ധ സംഘടനകളുടെ പിന്തുണയോടെ നീക്കണം. പ്ലാസ്റ്റിക് ഉപയോഗം വിലക്കുന്ന നിയമങ്ങൾ കർശനമായി നടപ്പാക്കണം.