റേഷൻ തിരിമറി തടയാൻ പദ്ധതി: ഇ-പോസ് മെഷീനും ത്രാസും ബന്ധിപ്പിക്കും

Wednesday 18 June 2025 1:10 AM IST

തിരുവനന്തപുരം: റേഷൻ തിരിമറി തടയാൻ ഇ-പോസ് മെഷീനുകളും ത്രാസും തമ്മിൽ ബന്ധിപ്പിക്കുന്ന കണക്ട് ഇ-പോസ് ടു ത്രാസ് പദ്ധതിക്കായി സർക്കാർ 33.5 കോടി രൂപയുടെ ഭരണാനുമതി നൽകി. കഴിഞ്ഞ ബഡ്ജറ്റ് വിഹിതമായ 10.82 കോടിയും അനുവദിച്ചു. കെ.സ്റ്റോറുകളിലും തുടർന്ന് റേഷൻകടകളിലും നടപ്പാക്കുന്ന പദ്ധതി ഈ സാമ്പത്തിക വർഷം പൂർത്തിയാക്കും.

വ്യാപാരിക്ക് ക്വിന്റലൊന്നിന് നാലു രൂപ അധികം ലഭിക്കും. അതിൽ രണ്ടു രൂപ കേന്ദ്രം നൽകും. പദ്ധതിക്കുള്ള ഉപകരണങ്ങൾ വാങ്ങാൻ ഇ-ടെൻഡർ നടപടിയാരംഭിച്ചു. തുടർന്നേ ഓർഡർ നൽകൂ. 2023ൽ നടപ്പാക്കാനുദ്ദേശിച്ച പദ്ധതി പലതവണ നീട്ടുകയായിരുന്നു.

കടക്കാർക്ക് ത്രാസും അനുബന്ധ ഉപകരണങ്ങളും സൗജന്യമായി നൽകും. 60 കിലോഗ്രാമുള്ള കെ-സ്റ്റോറിലെ ത്രാസുകൾ ഇ-പോസുമായി ബന്ധിപ്പിക്കാം. അളവിൽ കുറവുണ്ടെന്ന കാർഡുടമകളുടെയും, എൻ.എഫ്.എസ്.എ ഗോ‌ഡൗണുകളിൽ നിന്ന് കിട്ടുന്ന അളവിൽ കുറവുണ്ടെന്ന റേഷൻ കടക്കാരുടെയും പരാതിയുടെ പശ്ചാത്തലത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.

 വാതിൽപ്പടി വിതരണം കുറ്റമറ്റതാക്കണം

ടെൻഡറിൽ ലഭിക്കുന്ന ബിഡുകൾ സിവിൽ സപ്ലൈസ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള പ്രീക്വാളിഫിക്കേഷൻ കമ്മിറ്റി, ടെ‌ക്‌നിക്കൽ ഇവാലുവേഷൻ കമ്മിറ്റി, ഫിനാൻഷ്യൽ ഇവാലുവേഷൻ കമ്മിറ്റി എന്നിവ പരിശോധിക്കും. ഇ-പോസും ഇലട്രോണിക് ത്രാസും ബന്ധിപ്പിക്കുന്നതോടൊപ്പം, തങ്ങൾക്ക് വാതിൽപടിയിലെത്തിക്കുന്ന റേഷൻ ഇ- പോസും, ഇലട്രോണിക ത്രാസുമായി ബന്ധിപ്പിച്ച് തൂക്കി രസീത് നൽകണമെന്നാണ് വ്യാപാരികളുടെ ആവശ്യം.

ഗോഡൗൺ മുതൽ വെട്ടിപ്പ്

 റേഷൻ സാധനം ഗോഡൗൺ മുതൽ വെട്ടിക്കും

 സ്റ്റോക്ക് ചെയ്യുമ്പോഴും വാഹനങ്ങളിൽ കയറ്റുമ്പോഴും ധാന്യം ചോർത്തും.

 ഇതുകാരണം റേഷൻ കടകളിൽ കൃത്യമായ അളവിൽ ധാന്യമെത്തില്ല

 ചില വ്യാപാരികൾ അളവിൽ കുറച്ച് ഗുണഭോക്താക്കൾക്ക് നൽകും