ഇ.ഡി അസി. ഡയറക്ടറുടെ അറസ്റ്റ് തടഞ്ഞ ഉത്തരവ് നീട്ടി
കൊച്ചി: വിജിലൻസ് കേസിൽ പ്രതിയായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അസി. ഡയറക്ടർ ശേഖർകുമാറിന്റെ അറസ്റ്ര് തടഞ്ഞ ഇടക്കാല ഉത്തരവ് ഹൈക്കോടതി രണ്ടാഴ്ച കൂടി നീട്ടി. ശേഖറിന്റെ മുൻകൂർ ജാമ്യഹർജിയെ എതിർത്ത് പത്രിക സമർപ്പിക്കാൻ സംസ്ഥാന സർക്കാർ സമയം തേടിയതിനെ തുടർന്നാണ് ജസ്റ്റിസ് എ. ബദറുദ്ദീന്റെ നടപടി. ഹർജിക്കാരൻ അന്വേഷണവുമായി സഹകരിക്കണമെന്നും നിർദ്ദേശിച്ചു.
കേസിലെ മറ്റ് മൂന്ന് പ്രതികളുടെയടക്കം കോൾ ഡാറ്റാ വിവരങ്ങളുടെ ശാസ്ത്രീയ പരിശോധന നടത്തേണ്ടതുണ്ടെന്ന് സർക്കാരിന് വേണ്ടി ഹാജരായ പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടി.എ. ഷാജി അറിയിച്ചു. ഹർജി ജൂലായ് 3ന് വീണ്ടും പരിഗണിക്കും. കള്ളപ്പണക്കേസ് ഒതുക്കാൻ ഇടനിലക്കാരൻ വഴി രണ്ടു കോടി രൂപ കോഴ ആവശ്യപ്പെട്ടെന്ന കശുവണ്ടി വ്യവസായി അനീഷ് ബാബുവിന്റെ പരാതിയിലാണ് ശേഖർകുമാറിനെതിരെ കേസെടുത്തത്.
അനീഷിന്റെ ഹർജി തീർപ്പാക്കി
കോഴക്കേസുമായി ബന്ധപ്പെട്ട് ഇ.ഡിയുടെ സമൻസ് ലഭിച്ചതിനെതുടർന്ന് പരാതിക്കാരൻ അനീഷ് ബാബു സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തീർപ്പാക്കി.
അനീഷിനെ അറസ്റ്റ് ചെയ്യാൻ ഉദ്ദേശിക്കുന്നില്ലെന്നും വിവരശേഖരണത്തിനാണ് വിളിപ്പിച്ചതെന്നും ഇ.ഡി അറിയിച്ചതിനെ തുടർന്നാണിത്.