ഒറ്റ മത്സരം, സൂപ്പർ ഓവറുകൾ മൂന്ന് !

Tuesday 17 June 2025 11:14 PM IST

ഗ്ലാസ്ഗോ: ട്വന്റി-20 മത്സരത്തിൽ വിജയിയെ കണ്ടെത്താൻ വേണ്ടിവന്നത് മൂന്ന് സൂപ്പർ ഓവറുകൾ. കഴിഞ്ഞ ദിവസം നെതർലാൻഡ്‌സും നേപ്പാളും തമ്മിൽ നടന്ന മത്സരമാണ് ചരിത്രം സൃഷ്ടിച്ചത്.മത്സരത്തിൽ നെതർലാൻഡ്‌സാണ് ജയിച്ചത്. പ്രൊഫഷണൽ ട്വന്റി-20 ക്രിക്കറ്റിൽ ആദ്യമായാണ് ഒരു മത്സരത്തിൽ മൂന്നു സൂപ്പർ ഓവറുകൾ വേണ്ടിവരുന്നത്.

ടോസ് നേടിയ നേപ്പാൾ നെതർലാൻഡ്‌സിനെ ബാറ്റിംഗിനയക്കുകയായിരുന്നു. വിക്രംജിത് സിംഗ്, തേജ നിദമനുരു എന്നിവരുടെ ഇന്നിംഗ്സുകളുടെ ബലത്തിൽ നെതർലാൻഡ്‌സ് നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 152 റൺസെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ നേപ്പാൾ എട്ട് വിക്കറ്റ് നഷ്ടത്തിൽ 152 റൺസെടുത്തതോടെ മത്സരം ടൈ ആയി. അതോടെ സൂപ്പർ ഓവറിലേക്ക് നീണ്ടു.

ആദ്യ സൂപ്പർ ഓവർ

ആദ്യം ബാറ്റുചെയ്ത നേപ്പാൾ 19 റൺസെടുത്തു.നെതർലാൻഡ്‌സിനും 19 റൺസേ എടുക്കാനായുള്ളൂ.

രണ്ടാം സൂപ്പർ ഓവർ

ആദ്യം ബാറ്റുചെയ്തത് നെതർലാൻഡ്സ്. നേടിയത് 17 റൺസ്. നേപ്പാളിന്റെ മറുപടിയും 17 റൺസ്.

മൂന്നാം സൂപ്പർ ഓവർ

ആദ്യ ബാറ്റിംഗിനിറങ്ങിയ നേപ്പാൾ സ്കോർ ബോർഡ് തുറക്കും മുന്നേ രണ്ട് ബാറ്റർമാരും പുറത്തായി.ആദ്യ പന്തിൽ സിക്‌സടിച്ച് മൈക്കേൽ ലെവിറ്റ് നെതർലാൻഡ്‌സിനെ ജയത്തിലെത്തിച്ചു.