അശ്വിനെതിരായ പരാതിയിൽ കഴമ്പില്ല
Tuesday 17 June 2025 11:15 PM IST
മധുരൈ: തമിഴ്‌നാട് പ്രീമിയർ ലീഗ് ക്രിക്കറ്റ് മത്സരത്തിനിടെ മുൻ ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ പന്തിൽ കൃത്രിമത്വം നടത്തിയെന്ന ആരോപണത്തിൽ കഴമ്പില്ലെന്ന് സംഘാടകർ. ദിണ്ടുഗൽ ഡ്രാഗൺസ് ടീമിന്റെ താരമായ അശ്വിൻ രാസവസ്തുക്കൾ പുരട്ടിയ തൂവാല ഉപയോഗിച്ച് പന്തിന്റെ ഭാരം കൂട്ടിയതായി മറ്റൊരു ടീമായ മധുരൈ പാന്തേഴ്‌സാണ് പരാതിപ്പെട്ടത്.
വിഷയത്തിൽ പരിശോധന നടത്തിയെന്നും എന്നാൽ ആരോപണം സാധൂകരിക്കുന്ന തരത്തിലുള്ള തെളിവുകളൊന്നും കണ്ടെത്താനായിട്ടില്ലെന്നും ടി.എൻ.പി.എൽ സി.ഇ.ഒ പ്രസന്ന കണ്ണൻ വ്യക്തമാക്കി.പരാതി നൽകിയ മധുരൈ പാന്തേഴ്‌സിനോട് അധികൃതർ തെളിവ് ഹാജരാക്കാൻ ആവശ്യപ്പെട്ടിരുന്നു. തെളിവുകൾ സമർപ്പിക്കാൻ സാധിക്കാത്ത പക്ഷം മധുര ടീമിനെതിരേ നടപടിയെടുക്കും.
നേരത്തേ ഈ ടൂർണമെന്റിലെ മത്സരത്തിനിടെ അശ്വിൻ വനിതാ അമ്പയറോട് കയർത്തതും ബാറ്റ് വലിച്ചെറിഞ്ഞതും വിവാദമായിരുന്നു.