ഉച്ചഭക്ഷണത്തിന് പുതിയ മെനു തയ്യാർ,​ സ്കൂളുകളിൽ എഗ്ഗ് ഫ്രൈഡ് റൈസും വെജിറ്റബിൾ ബിരിയാണിയും

Wednesday 18 June 2025 1:22 AM IST
f

തിരുവനന്തപുരം: സ്കൂളിലെ ഉച്ചഭക്ഷണത്തിന് സ്ഥിരമായി തോരനും സാമ്പാറും രസവുമൊക്കെ കഴിച്ച് മടുത്ത കുട്ടികൾക്ക് കൊതിയൂറും വിഭവങ്ങളടങ്ങിയ മെനുവുമായി സർക്കാർ!.

ഉച്ചഭക്ഷണം ശാസ്ത്രീയമായി പരിഷ്‌കരിക്കാൻ നിയോഗിച്ച വിദഗ്ദ്ധ സമിതിയുടെ റിപ്പോർട്ട് പ്രകാരമാണിത്. എല്ലാ ജില്ലകൾക്കും ഏകീകൃത മെനുവാണ് നടപ്പാക്കുന്നതെന്ന് മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. ആഴ്ചയിലൊരു ദിവസം ഫോർട്ടിഫൈഡ് അരികൊണ്ട് വെജിറ്റബിൾ ഫ്രൈഡ് റൈസ്,വെജിറ്റബിൾ ബിരിയാണി എന്നിവയൊരുക്കണം. കൂട്ടുകറി,കുറുമപോലുള്ള കറികളാണ് ഒപ്പം നൽകേണ്ടത്. ഇലക്കറിയിൽ പയർ,പരിപ്പുവർഗങ്ങൾ ചേർക്കണം.

മാസത്തിൽ ഒന്നോ രണ്ടോ ദിവസം മൈക്രോഗ്രീൻസ് നൽകണം. പുതിന,ഇഞ്ചി,നെല്ലിക്ക,പച്ചമാങ്ങ എന്നിവ ചേർത്ത ചമ്മന്തിയും പരിഗണനയിലുണ്ട്. ഇവ വെജ് റൈസ്,ബിരിയാണി,ലെമൺറൈസ് എന്നിവയ്ക്കൊപ്പം തൊടുകറിയായി വിളമ്പാം. ചെറുധാന്യങ്ങളുടെ പ്രാധാന്യം കണക്കിലെടുത്ത് റാഗി ബാൾസ്,ശർക്കരയും തേങ്ങയും ചേർത്ത റാഗികൊഴുക്കട്ട,ഇലയട,അവിൽ വിളയിച്ചത്,പാൽ ഉപയോഗിച്ച് ക്യാരറ്റ് പായസം,റാഗിയോ മറ്റ് മില്ലറ്റുകളോ ഉപയോഗിച്ചുള്ള പായസം എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.

ഉച്ചഭക്ഷണ മെനു

------------------------------

ഒന്നാം ദിവസം: ചോറ്,കാബേജ് തോരൻ,സാമ്പാർ
 02: ചോറ്,പരിപ്പുകറി,ചീരത്തോരൻ
 03: ചോറ്,കടലമസാല,കോവയ്ക്ക തോരൻ
 04 : ചോറ്,ഓലൻ,ഏത്തയ്ക്ക തോരൻ
 05: ചോറ്,സോയകറി,കാരറ്റ് തോരൻ
 06 : ചോറ്,വെജിറ്റബിൾ കുറുമ,ബീറ്റ്റൂട്ട് തോരൻ
 07: ചോറ്,തീയൽ,ചെറുപയർ തോരൻ
 08: ചോറ്,എരിശേരി,മുതിരത്തോരൻ
 09: ചോറ്,പരിപ്പുകറി,മുരിങ്ങയിലത്തോരൻ
10: ചോറ്,സാമ്പാർ,മുട്ട അവിയൽ
11: ചോറ്,പൈനാപ്പിൾ പുളിശേരി,കൂട്ടുകറി
12: ചോറ്,പനീർകറി,ബീൻസ് തോരൻ
13 : ചോറ്,ചക്കക്കുരു പുഴുക്ക്,അമരയ്ക്ക തോരൻ
14 : ചോറ്,വെള്ളരിക്ക പച്ചടി,വൻപയർ തോരൻ
15 : ചോറ്,വെണ്ടയ്ക്ക മപ്പാസ്,കടലമസാല
16 : ചോറ്,തേങ്ങാചമ്മന്തി,വെജിറ്റബിൾ കുറുമ
17: ചോറ് / എഗ്ഗ് ഫ്രൈഡ് റൈസ്,വെജിറ്റബിൾ മോളി
18 : ചോറ് / കാരറ്റ് റൈസ്,കുരുമുളക് മുട്ട റോസ്റ്റ്
19 : ചോറ്,പരിപ്പ് കുറുമ,അവിയൽ
 20 : ചോറ് / ലെമൺ റൈസ്,കടലമസാല