അഞ്ചുവർഷത്തിന് ശേഷം സ്മൃതി ഒന്നാം റാങ്കിൽ
ദുബായ് : ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം സ്മൃതി മാൻഥന ഇന്റർ നാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ ഏകദിന ബാറ്റർ റാങ്കിംഗിൽ വീണ്ടും ഒന്നാമതെത്തി. അഞ്ചുവർഷത്തിന് ശേഷമാണ് സ്മൃതിക്ക് ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാനാവുന്നത്. 2019ലാണ് സ്മൃതി അവസാനമായി ഒന്നാം റാങ്കിലെത്തിയിരുന്നത്.
727 റേറ്റിംഗ് പോയിന്റോടെയാണ് സ്മൃതി ഒന്നാം റാങ്കിൽ തിരിച്ചെത്തിയിരിക്കുന്നത്. കഴിഞ്ഞ ആറുമാസമായി ഒന്നാം റാങ്കിലുണ്ടായിരുന്ന ദക്ഷിണാഫ്രിക്കയുടെ ലോറ വോൾവാർട്ടിനെയാണ് സ്മൃതി സ്ഥാനഭ്രഷ്ടയാക്കിയത്.ലോറയും ഇംഗ്ളണ്ടിന്റെ നാറ്റ് ഷീവർബ്രണ്ടും 719 പോയിന്റുമായി രണ്ടാം സ്ഥാനം പങ്കിടുകയാണ്. വെസ്റ്റ് ഇൻഡീസിനെതിരെ നടന്ന മൂന്ന് ഏകദിനങ്ങളുടെ പരമ്പരയിൽ ലോറയ്ക്ക് മികവ് പുലർത്താൻ കഴിയാതിരുന്നതോടെയാണ് റാങ്ക് നഷ്ടമായത്. സ്മൃതി കഴിഞ്ഞമാസം ശ്രീലങ്കയ്ക്ക് എതിരെ സെഞ്ച്വറിയും ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ അർദ്ധസെഞ്ച്വറിയും നേടിയിരുന്നു.
102 ഏകദിനങ്ങളിൽ ഇന്ത്യയ്ക്ക് വേണ്ടി കളിച്ചിട്ടുള്ള താരമാണ് 29കാരിയായ സ്മൃതി മാൻഥന.
4473 റൺസാണ് ഏകദിനത്തിലെ സമ്പാദ്യം. 46.59 ബാറ്റിംഗ് ശരാശരി.
11 സെഞ്ച്വറികളും 31 അർദ്ധസെഞ്ച്വറികളും . 136 റൺസാണ് ഉയർന്ന സ്കോർ.
4
അന്താരാഷ്ട്ര ട്വന്റി-20 റാങ്കിംഗിൽ നാലാം സ്ഥാനത്താണ് സ്മതി. ബൗളിംഗ് റാങ്കിംഗിൽ ഏകദിനത്തിൽ നാലാം സ്ഥാനത്തും ട്വന്റി-20യിൽ രണ്ടാം സ്ഥാനത്തും ഇന്ത്യയുടെ ദീപ്തി ശർമ്മയാണ്.