മൊബൈലിന് പകരം ചെസ് ബോർഡ്, ആരുഷ് 13-ാം വയസിൽ സീനിയർ ചാമ്പ്യൻ
തിരുവനന്തപുരം : കൊവിഡ് കാലത്ത് മൊബൈൽ ഫോണിൽ തലപൂഴ്ത്തിയിരുന്ന കൊച്ചുമകന്റെ ശീലം മാറ്റാനാണ് അപ്പൂപ്പൻ രാജൻ ചെസ് ബോർഡ് മുന്നിലേക്കുവച്ചുകൊടുത്തത്. വളരെപ്പെട്ടെന്നുതന്നെ ചെസിൽ ആകൃഷ്ടനായ പയ്യൻസ് കരുനീക്കങ്ങൾ പഠിച്ചെടുത്ത് വിജയങ്ങൾ വെട്ടിപ്പിടിക്കാൻ തുടങ്ങി. ജൂനിയർ തലത്തിലെ നിരവധി വിജയങ്ങൾക്ക് പിന്നാലെ ഇതാ, തന്റെ 13-ാം വയസിൽ സംസ്ഥാന സീനിയർ ചാമ്പ്യൻഷിപ്പിൽ പ്രായത്തിലും റേറ്റിംഗിലും തന്നേക്കാൾ മുന്നിലുള്ളവരെ കീഴടക്കി ആരുഷ്.എ ജേതാവായിരിക്കുന്നു. കേരളത്തിന്റെ ഏറ്റവും പ്രായം കുറഞ്ഞ സീനിയർ ചെസ് ചാമ്പ്യനെന്ന റെക്കാഡും ഇനി ആരുഷിന്റെ പേരിൽ. കൊച്ചിയിൽ കഴിഞ്ഞ ദിവസമാണ് സീനിയർ ചാമ്പ്യൻഷിപ്പ് സമാപിച്ചത്.
ഇടക്കോലി ഗവ: ഹയർസെക്കൻഡറി സ്ക്കൂളിലെ പ്രിൻസിപ്പൽ അലൻ കുമാറിന്റേയും പുനലൂർ എസ്.എൻ കോളേജിലെ അധ്യാപിക റാണി രാജന്റേയും മകനാണ് ആരുഷ്. അഞ്ചൽ സെന്റ് ജോൺസ് സ്കൂൾ എട്ടാം ക്ലാസ്സ് വിദ്യാർത്ഥി. എട്ടു വയസുള്ളപ്പോഴാണ് ആദ്യമായി ചെസ് ബോർഡിന് മുന്നിലെത്തുന്നത്. മകന്റെ പ്രതിഭ തിരിച്ചറിഞ്ഞതോടെ മികച്ച പരിശീലനം നൽകാൻ തുടങ്ങി. പ്രമുഖ ചെസ് പരിശീലകരായ മുരളി, ശ്രീജിത്തിന്റേയും ശ്രീകുമാറിന്റേയും മേൽനോട്ടത്തിലാണ് ജൂനിയർ തലത്തിൽ ആരുഷ് വെന്നിക്കൊടി പാറിച്ചത്. ശ്രീകുമാറാണ് ഇപ്പോൾ പരിശീലനം നൽകുന്നത്. രണ്ട് ദേശീയ ചാമ്പ്യൻഷിപ്പുകളിലും പങ്കെടുത്തിട്ടുണ്ട്.
വിദഗ്ധപരിശീലനം നൽകി മകനെ മികച്ച ചെസ് താരമാക്കുകയാണ് ലക്ഷ്യമെന്ന് അമ്മ റാണി രാജൻ കേരള കൗമുദിയോട് പറഞ്ഞു.
കേരള ചെസിലെ യുവതാരോദയം
2014ൽ സംസ്ഥാന സീനിയർ ചെസിൽ കണ്ണൂരിന്റെ അഭിഷേക്.എ ചാമ്പ്യനാകമ്പോൾ 14 വയസ് കഴിഞ്ഞിരുന്നു. ആ റെക്കാഡാണ് ആരുഷ് തകർത്തത്. മൂന്നാം സീഡ് സിദ്ധാർത്ഥ് മോഹനെ അട്ടിമറിച്ചതാണ് ചാമ്പ്യൻഷിപ്പിലെ വഴിത്തിരിവായത്. ഏഴാം സീഡ് ഷെർഷ ബേക്കറിനെ സമനിലയിൽ തളച്ചതും അനുകൂലമായി. കേരള ചെസിലെ യുവതാരോദയമാണ് ആരുഷ്. മികച്ച ഭാവി ആരുഷിന് മുന്നിലുണ്ട്.
- പ്രബോധ് ചങ്ങനാശേരി
ചെസ് ഗ്രന്ഥകർത്താവ്