വിഷരഹിത ഓണമൊരുക്കാൻ കുടുംബശ്രീ

Wednesday 18 June 2025 12:25 AM IST

പത്തനംതിട്ട: ഓണത്തിന് വിഷരഹിതവും സുരക്ഷിതവുമായ പച്ചക്കറി നൽകാൻ കുടുംബശ്രീയുടെ ഓണക്കനി ഒരുങ്ങുന്നു. കുടുംബശ്രീ നേതൃത്വത്തിൽ സംഘകൃഷി ഗ്രൂപ്പുകൾ എല്ലാ വാർഡുകളിലും കൃഷിയിറക്കുന്ന പദ്ധതിക്ക് ജില്ലയിൽ തുടക്കമായി. ജില്ലയിലെ എട്ട് ബ്ലോക്കുകളിൽ നിന്നായി 490 ഗ്രൂപ്പുകളിലായി 332.9 ഏക്കറിൽ കൃഷിയിറക്കും. 2103 വനിതാ കർഷകർ പദ്ധതിയുടെ ഭാഗമാകും.പച്ചക്കറികൾക്കുള്ള വിപണി കുടുംബശ്രീ തന്നെ കണ്ടെത്തും. ഗ്രൂപ്പുകൾ തയ്യാറാക്കുന്ന പച്ചക്കറികൾ കുടുംബശ്രീ നാട്ടുചന്ത, വെജിറ്റബിൾ കി യോസ്‌ക്, വിപണനമേളകൾ എന്നിവയിലൂടെ ജനങ്ങളിലെത്തിക്കുകയാണ് ലക്ഷ്യം.കുടുംബശ്രീ ഉപജീവന പദ്ധതിയിൽ ഓണം കുടുംബശ്രീയോടൊപ്പം ആശയത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.

♦പയർ, പാവൽ, വെണ്ട, വഴുതന, തക്കാളി, പച്ചമുളക്, പടവലം, ചേന , ചേമ്പ്, ചീര,വെള്ളരി, മത്തൻ തുടങ്ങിയ പച്ചക്കറികൾ കൃഷി ചെയ്യും. ഇടനിലക്കാരെ ഒഴിവാക്കി ഉൽപ്പന്ന ങ്ങൾ നേരിട്ട് വിപണിയിലെത്തിച്ച് കർഷകർക്ക് മികച്ച വരുമാനം ഉറപ്പാക്കും.

♦25,000 വരെ റിവോൾവിംഗ് ഫണ്ടായി അനുവദിക്കും. നിലമൊരുക്കൽ. തൈനടൽ, വിള പരിപാലനം, കീട നിയന്ത്രണം തുടങ്ങിയവയിൽ വനിതാകർഷക ഗ്രൂപ്പുകൾക്ക് പരി ശീലനവും നൽകിയിട്ടുണ്ട്.