റോഡ് നിർമ്മാണം കവർന്നത് 25000 ഓർക്കിഡ്; രക്ഷകരായി ശാസ്ത്രസംഘം

Wednesday 18 June 2025 12:28 AM IST
ഡോ. വിശ്വംഭരൻ സരസൻ

കോഴിക്കോട്: കഴിഞ്ഞ 15 വർഷത്തിനിടെ വടക്കൻ കേരളത്തിൽ റോഡ് നിർമ്മാണത്തിനായി മുറിച്ചുമാറ്റിയ മരങ്ങളിലുണ്ടായിരുന്നത് കാൽ ലക്ഷത്തോളം തദ്ദേശീയ ഓർക്കിഡ് ചെടികൾ! ഇത്തരം ചെടികളെ സംരക്ഷിക്കാനുള്ള ഉദ്യമത്തിലാണ് റോയൽ ബൊട്ടാണിക്കൽ ഗാർഡൻസ് ക്യൂവിലെ ശാസ്ത്രജ്ഞനായ ഡോ. വിശ്വംഭരൻ സരസനും മലബാർ ബൊട്ടാണിക്കൽ ഗാർ‌‌‌ഡൻ ആൻഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാന്റ് സയൻസസിലെ ഡോ. എൻ.എസ്. പ്രദീപും സംഘവും.

ലണ്ടനിലെ ക്യൂ ഗാർഡൻസ്, കെ.എസ്.സി.എസ്.ടി.ഇ (കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ് ആൻഡ് ടെക്നോളജി), മലബാർ ബൊട്ടാണിക്കൽ ഗാർഡൻ, ഡി.ടി.പി.സി എന്നിവയുമായി സഹകരിച്ച് കോഴിക്കോട് സരോവരം ബയോപാർക്കിൽ സംരക്ഷിക്കുന്നത് 18000 തദ്ദേശീയ ഓർക്കിഡ് ചെടികളാണ്. ഇതിൽ ഒൻപതോളം ചെടികൾ ലോകത്ത് മറ്റെവിടെയുമില്ല.

തദ്ദേശീയ ഓർക്കിഡ് ഇനങ്ങളായ റിങ്കോസ്‌റ്റൈലിസ് റെറ്റിയൂസ, സിമ്പിഡിയം അലോയ്‌ഫോളിയം, ഫോളിഡോട്ട, അക്കാമ്പെ, ഡെൻഡ്രോബിയം ഓവേറ്റം, ഡെൻഡ്രോബിയം ബാർബേറ്റുലം തുടങ്ങിയവയെല്ലാം ഇക്കൂട്ടത്തിലുണ്ട്. കടൽനിരപ്പിൽ നിന്നും ഉയർന്ന പ്രദേശങ്ങളിൽ വളരുന്ന ഇന്ത്യയിൽ മാത്രം കാണപ്പെടുന്ന ഓർക്കിഡുകൾ കടൽനിരപ്പിലുള്ള നഗരത്തിൽ വളർത്തുന്നതും ആദ്യമായാണ്.

യു.കെ റോയൽ സൊസെെറ്റി, കെ.എസ്.സി.എസ്.ടി.ഇ എന്നിവയുടെ സാമ്പത്തിക സഹായത്തോടെ പരീക്ഷണാടിസ്ഥാനത്തിലാണ് സരോവരം പാർക്കിൽ പദ്ധതി നടപ്പാക്കുന്നത്. വംശനാശം സംഭവിക്കുന്ന തനത് ഓർക്കിഡ് ചെടികൾ പൊതുജനങ്ങൾക്ക് പരിചയപ്പെടാനുള്ള അവസരമൊരുക്കുക കൂടിയാണ് ഈ പദ്ധതി.

കേരളം ഓർക്കിഡ്

ഹോട്സ്പോട്ട്

ലോകത്ത് തന്നെ ഓർക്കിഡുകളുടെ വളരെയധികം വെെവിദ്ധ്യമുള്ള ചുരുക്കം പ്രദേശങ്ങളിലൊന്നാണ് കേരളം. ഓ‌ർക്കിഡ് ഹോട്ട്സ്പോട്ട് എന്ന് വിളിക്കാൻ തക്ക വെെവിദ്ധ്യം കേരളത്തിലുണ്ട്. നാട്ടിൻപുറങ്ങളിൽ മരവാഴ എന്നപേരിൽ അറിയപ്പെടുന്ന ചെടികളിൽ പലതും ഓർക്കിഡുകളാണ്.

സരോവരത്തെ പ്രൊജക്ട് പൂർണവിജയമായാൽ പൊതു ഇടങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കാനായി മലബാർ ബൊട്ടാണിക്കൽ ഗാർഡൻസ് ടൂറിസം വകുപ്പുമായി ചർച്ചകൾ നടത്തുന്നുണ്ട്.

'' ബയോ ഡെെവേഴ്സിറ്റി റെക്കാഡിംഗ്, നാശം നേരിടുന്ന സസ്യങ്ങളുടെ സംരക്ഷണം എന്നിവ പ്രാധാന്യമുള്ള വിഷയങ്ങളാണ്. അത്തരമൊരു സംസ്കാരം വളർന്നെങ്കിൽ മാത്രമേ കേരളത്തിന്റെ ജെെവവെെവിദ്ധ്യം സംരക്ഷിക്കപ്പെടൂ.""

- ഡോ. വിശ്വംഭരൻ സരസൻ