ദുരിത ബാധിതർ ചോദിക്കുന്നു, 'ഞങ്ങളെ കാണാൻ കണ്ണില്ലേ?'

Wednesday 18 June 2025 12:30 AM IST
2019​ ​ആ​ലി​മൂ​ല​യി​ലു​ണ്ടാ​യ​ ​ഉ​രു​ൾ​പൊ​ട്ട​ലി​ൽ​ ​ത​ക​ർ​ന്ന​ ​വീ​ട്

കഴിഞ്ഞ വർഷമുണ്ടായ ഉരുൾപൊട്ടലിൽ വീട് പൂർണ്ണമായും നഷ്ടപ്പെട്ട 31 പേർക്ക് സർക്കാർ ധനസഹായം 15 ലക്ഷം വീതം ലഭിച്ചു. ഭാഗിക നഷ്ടമുണ്ടായവർക്ക് ഒന്നും കിട്ടിയിട്ടില്ല. റബർ, കവുങ്ങ് ഉൾപ്പെടെ കൃഷിഭൂമി ഒലിച്ചുപോയ നിരവധി പേരുണ്ട്. വലിയ പാറക്കല്ലുകൾ പതിച്ച് കേടായ വീടുകളും നിരവധി. മണ്ണും കല്ലുമടിഞ്ഞും വാസയോഗ്യമല്ലാതായി. ഇവർക്കുള്ള ധനസഹായത്തിന്റെ കാര്യത്തിൽ വ്യക്തതയില്ല. 'ഞങ്ങളെ കാണാൻ കണ്ണില്ലേ?' എന്നാണ് ദുരിതബാധിതരുടെ ചോദ്യം.

ഉരുൾപൊട്ടലുണ്ടായ ഉടൻ ബന്ധപ്പെട്ട വകുപ്പുകൾ ചേർന്ന് 139 ദുരിതബാധിതരുടെ പ്രാഥമിക പട്ടിക തയ്യാറാക്കയിരുന്നുവെന്നാണ് വിവരം. ഒന്നും കിട്ടാത്തവർ സമരം തുടങ്ങി. തുടർന്ന് കളക്ടറുടെ നേതൃത്വത്തിൽ 35 പേരിൽ നിന്ന് നഷ്ടപ്പെട്ടതിന്റെ ഉൾപ്പെടെ വിവരം ശേഖരിച്ചിരുന്നു. അർഹരായവരുടെ രണ്ടാം പട്ടികയുണ്ടാക്കി സഹായം നൽകുമെന്നായിരുന്നു സൂചന. എന്നാൽ രണ്ടാംപട്ടിക ഉണ്ടാക്കിയിട്ടില്ലെന്നാണ് വിവരം. ധനസഹായത്തിനുള്ള അപേക്ഷ കിട്ടിയതിൽ 90 ശതമാനവും പരിശോധിച്ച് താലൂക്ക് ഓഫീസിലേക്ക് അയച്ചിട്ടുണ്ടെന്ന് വില്ലേജ് ഓഫീസ് അധികൃതർ പറയുന്നു. അപേക്ഷകൾ പ്രത്യേകം പരിശോധിച്ചാണ് താലൂക്ക് ഓഫീസിലേക്ക് അയക്കുന്നത്. പുതിയ അപേക്ഷകൾ ഇപ്പോഴും കിട്ടുന്നുണ്ടെന്നും പറയുന്നു. കേടുപാടുണ്ടായ വീടുകൾക്ക് പഞ്ചായത്തിന്റെ പരിശോധനയുടെ അടിസ്ഥാനത്തിൽ ദുരന്തനിവാരണ അതോറിറ്റിയിൽ നിന്നും സഹായം കിട്ടും.

അസ്ഥാനത്തായി പ്രതീക്ഷകൾ

ഉരുൾപൊട്ടൽ മേഖലയായതിനാൽ മൂന്ന് വാർഡുകളിൽ നിർമ്മാണ നിയന്ത്രണമുണ്ട്. ഇതേത്തുടർന്ന് ധനസഹായം കിട്ടിയവരിൽ പലരും തൊട്ടിൽപാലം, കുറ്റ്യാടി, മരുതോങ്കര തുടങ്ങിയ ഭാഗങ്ങളിൽ ഭൂമി വാങ്ങി വീട് നിർമ്മിക്കാനുള്ള ശ്രമത്തിലാണ്. വാസയോഗ്യമല്ലാതായ വീടുകളുടെ കാര്യത്തിൽ സർക്കാർ ഒരു തീരുമാനവും പ്രഖ്യാപിച്ചിട്ടില്ല. ഇതിൽ പ്രതിഷേധിച്ച് വില്ലേജ് ഓഫീസ് ഉപരോധവും ഹർത്താലുമൊക്കെ ന‌ടത്തി. ജില്ല കളക്ടർ ഉൾപ്പെടെ റവന്യൂ അധികൃതർ ദുരിതബാധിതരിൽ ചിലരുമായി ചർച്ച നടത്തി പ്രശ്നം പരിഹരിക്കാമെന്ന് പറഞ്ഞെങ്കലും ഒന്നുമുണ്ടായില്ല. ഇതിനെതിരെ ദുരിതബാധിതർ വീണ്ടും സമരത്തിനൊരുങ്ങുകയാണ്.

വിലങ്ങാട് ഉരുൾപൊട്ടൽ

മരണം

2019.... 4

2024.... 1

പ്രാഥമിക നഷ്ടക്കണക്ക് 2024

കൃഷിനാശം .... 500 ഏക്കർ

കാർഷിക നഷ്ടം... 11.85 കോടി

ബാധിച്ച കർഷകർ.... 225

ഒഴുകിപ്പോയ വീടുകൾ.... 14

ജലവിതരണം.... 35.3 ലക്ഷം

റോഡ് 5.8 കോടി

പാലം 1.56 കോടി

ദുരിതബാധിതരിൽ ബാക്കിയുള്ളവരുടെ കാര്യം പരിശോധിച്ച് കളക്ടർക്ക് റിപ്പോർട്ട് നൽകാൻ വില്ലേജ് ഓഫീസറോട് ആവശ്യപ്പെട്ടിട്ടുണ്ട്. കളക്ടറാണ് ഇക്കാര്യം പരിഗണിക്കേണ്ടത്.

പി. അൻവർ സാദത്ത്, ആർ.ഡി.ഒ, വടകര

(തുടരും)