പെട്രോളടിച്ച് മുങ്ങിയവരെ പൊലീസ് പിന്തുടർന്ന് പിടികൂടി
Wednesday 18 June 2025 12:48 AM IST
പത്തനാപുരം: ചെമ്മന്തൂരിലെ പെട്രോൾ പമ്പിൽ 3000 രൂപയുടെ പെട്രോളടിച്ച് പണം നൽകാതെ കടന്നുകളഞ്ഞ കാർ യാത്രക്കാരെ പൊലീസ് പിന്തുടർന്ന് പിടികൂടി. ഇന്നലെ രാത്രിയാണ് സംഭവം. ചെമ്മന്തൂരിലെ പെട്രോൾ പമ്പിൽ 3000 രൂപയുടെ പെട്രോൾ അടിക്കാൻ കാർ ഡ്രൈവർ ജീവനക്കാരിയായ ഷീബയോട് ആവശ്യപ്പെട്ടു. ഇന്ധനം നിറച്ചതിന് ശേഷം പണം വാങ്ങാനായി ഷീബ കാറിന്റെ മുന്നിലേക്ക് ചെന്നപ്പോൾ വാഹനം അതിവേഗം തമിഴ്നാട് ഭാഗത്തേക്ക് കടന്നുപോയി. ഷീബ കാറിന് പുറകെ ഓടിയെങ്കിലും യാത്രക്കാർ പണം നൽകാതെ രക്ഷപ്പെട്ടു.
ഉടൻ തന്നെ ഷീബ സമീപത്തെ പൊലീസ് സ്റ്റേഷനിൽ വിവരമറിയിച്ചു. വിവരമറിഞ്ഞ പൊലീസ് ഉടൻ തന്നെ കാറിനെ പിന്തുടരുകയും പുനലൂർ ടി.ബി. ജംഗ്ഷനിൽ വെച്ച് വാഹനത്തെയും അതിലെ യാത്രക്കാരെയും പിടികൂടുകയും ചെയ്തു. തുടർന്ന് ഇവരെ പെട്രോൾ പമ്പിൽ തിരികെ എത്തിച്ച് പണം ഈടാക്കി.