കുടിവെള്ള പ്രശ്നം: കുന്നത്തൂർ താലൂക്ക് സഭ ഉപരോധിച്ചു

Wednesday 18 June 2025 12:56 AM IST
ഫോട്ടോ: പടിഞ്ഞാറെകല്ലട ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി.ഉണ്ണികൃഷ്ണൻ്റെ നേതൃത്വത്തിൽ കുന്നത്തൂർ താലൂക്ക് സഭ ഉപരോധിക്കുന്നു

ശാസ്താംകോട്ട: പടിഞ്ഞാറെകല്ലട ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ കുന്നത്തൂർ താലൂക്ക് സഭ ഉപരോധിച്ചു. കഴിഞ്ഞ ഒരാഴ്ചയായി പഞ്ചായത്ത് നേരിടുന്ന രൂക്ഷമായ കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിൽ വാട്ടർ അതോറിട്ടി കാണിക്കുന്ന അനാസ്ഥയിൽ പ്രതിഷേധിച്ചായിരുന്നു ഈ ഉപരോധ സമരം. ഉപരോധത്തെത്തുടർന്ന് അജണ്ടകൾ ചർച്ച ചെയ്യാതെ, ബ്ലോക്ക് പ്രസിഡന്റ് സുന്ദരേശന്റെ അദ്ധ്യക്ഷതയിൽ ചേർന്ന താലൂക്ക് സഭ പിരിയുഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ. സി. ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിൽ നടന്ന ഉപരോധം ഉച്ചയ്ക്ക് ഒരു മണിവരെ നീണ്ടു. രണ്ട് മണിയോടെ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ പഞ്ചായത്തിലെത്തി മുഴുവൻ പ്രദേശങ്ങളിലും വെള്ളം എത്തിക്കാനുള്ള നടപടികൾ സ്വീകരിക്കാമെന്ന് തഹസീൽദാർ ഉറപ്പ് നൽകിയതിനെത്തുടർന്ന് ഉപരോധം അവസാനിപ്പിച്ചു. വൈസ് പ്രസിഡന്റ് എൽ. സുധ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. സുധീർ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അംബികകുമാരി, പഞ്ചായത്ത് അംഗങ്ങളായ ഷീലകുമാരി, സിന്ധു കോയിപ്പുറം, എൻ. ഓമനക്കുട്ടൻപിള്ള, സുനിതദാസ് എന്നിവർ ഉപരോധത്തിൽ പങ്കെടുത്തു.

പടിഞ്ഞാറെകല്ലട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിൽ കുന്നത്തൂർ താലൂക്ക് സഭ ഉപരോധിക്കുന്നു