എഴുകോണിൽ കൂറ്റൻ തേക്ക് കടപുഴകി: കൊല്ലം - തിരുമംഗലം പാതയിൽ 3 മണിക്കൂർ ഗതാഗതം തടസപ്പെട്ടു

Wednesday 18 June 2025 12:02 AM IST

എഴുകോൺ: എഴുകോൺ റെയിൽവേ സ്റ്റേഷൻ ഭൂമിയിലെ തേക്ക് വീണ്ടും ഹൈ ടെൻഷൻ വൈദ്യുതി ലൈനിലേക്ക് കടപുഴകി കൊല്ലം -തിരുമംഗലം പാതയിൽ മൂന്ന് മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. ക്രെയിൻ എത്തിച്ച് തടി മുറിച്ച് നീക്കിയ ശേഷമാണ് ഗതാഗതം സാധാരണ നിലയിലായത്. മരം പതിച്ച് വൈദ്യുതി തൂണുകളും വൈദ്യുതി ലൈനുകളും ഇലക്ട്രിക്ക് വാഹനങ്ങളുടെ ചാർജിംഗ് പോയിന്റും തകർന്നു.

ചൊവ്വാഴ്ച രാവിലെ പത്തോടെ മഴയ്ക്കൊപ്പം ശക്തമായി വീശിയ കാറ്റിലാണ് അപകടം. കെ.എസ്.ഇ.ബി ട്രാൻസ്ഫോർമറിന് തൊട്ടടുത്ത വൈദ്യുതി ലൈനിലേക്കാണ് മരം വീണത്. ലൈൻ പൊട്ടാതിരുന്നതിനാൽ മറുവശത്തെ വീടുകൾക്കും കടകൾക്കും നാശമുണ്ടായില്ല. കുണ്ടറയിൽ നിന്ന് അഗ്നിരക്ഷാ സേന എത്തിയെങ്കിലും കൊട്ടാരക്കരയിൽ നിന്ന് ക്രെയിനും വിദഗ്ദ്ധ തൊഴിലാളികളും എത്തിയ ശേഷമാണ് മരം പൂർണമായും മുറിച്ച് നീക്കിയത്.

ക്രെയിനിൽ കയറി നിന്ന് സാഹസികമായി തായ്ത്തടി മുറിച്ച ശേഷം തള്ളി നീക്കുകയായിരുന്നു. എഴുകോൺ പൊലീസ് സ്ഥലത്തെത്തി ഗതാഗതം വഴിതിരിച്ചു വിട്ടാണ് വാഹനക്കുരുക്ക് ഒഴിവാക്കിയത്. കടപുഴകിയ മരം വൈദ്യുതി ലൈനിൽ തങ്ങി നിന്നതിനാലാണ് വലിയ അപകടം ഒഴിവായത്.