റെയിൽവേ ട്രാക്കിൽ മരം വീണ സംഭവം: അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിക്കും

Wednesday 18 June 2025 12:07 AM IST

കൊല്ലം: കൊല്ലത്ത് റെയിൽവേ ട്രാക്കിലേക്ക് മരം വീണിടത്തെ അപകടാവസ്ഥയിലുള്ള മറ്റ് മരങ്ങൾ മുറിച്ചുനീക്കും. പോളയത്തോടിനും കപ്പലണ്ടിമുക്കിനും ഇടയിൽ കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിലാണ് അപകടാവസ്ഥയിൽ മരങ്ങളുള്ളത്. മൂന്നുവർഷം മുമ്പ് തന്നെ റെയിൽവേ അധികൃതർ സ്ഥലം സന്ദർശിച്ച് മരങ്ങൾ അപകടാവസ്ഥയിലാണെന്നും മറിഞ്ഞാൽ റെയിൽവേ ട്രാക്കിലേക്ക് പതിക്കാനിടയുണ്ടെന്നും റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന് ഇവിടെയുള്ള എട്ട് മരങ്ങൾ മുറിച്ചുനീക്കണമെന്ന ആവശ്യമുന്നയിച്ച് കോർപ്പറേഷന് കത്ത് നൽകിയതുമാണ്. എന്നാൽ ഈ വിഷയം അധികൃതർ ഗൗരവത്തിലെടുത്തിരുന്നില്ല. ഇക്കൂട്ടത്തിലുള്ള മഹാഗണിയാണ് ഞായറാഴ്ച രാത്രി കടപുഴകി ട്രാക്കിലേക്ക് വീണത്. വഞ്ചിനാട് എക്സ്‌പ്രസ് കടന്നുപോയതിന് തൊട്ടുപിന്നാലെയായിരുന്നു അപകടം. വലിയ ശബ്ദത്തോടെ മരം വീഴുകയും റെയിൽവേയുടെ വൈദ്യുതി ലൈൻ പൊട്ടി വലിയ തോതിൽ തീപടരുകയുമായിരുന്നു. മണിക്കൂറുകളോളം തീവണ്ടി ഗതാഗതം തടസപ്പെടേണ്ട സ്ഥിതി വന്നതോടെ വിഷയത്തിന് കൂടുതൽ ഗൗരവം കൈവന്നു. അതുകൊണ്ടുതന്നെ കോർപ്പറേഷൻ മുൻകൈയെടുത്ത് മരങ്ങൾ മുറിച്ചുനീക്കിയേക്കും. കോർപ്പറേഷൻ നടപടി കൈക്കൊള്ളുന്നില്ലെങ്കിൽ റെയിൽവേ നേരിട്ട് മരങ്ങൾ മുറിച്ചുനീക്കാൻ നിർബന്ധിതരാകും. കോർപ്പറേഷന്റെ വകയായുള്ള ഭൂമി ഏറെക്കാലമായി കാടുമൂടിക്കിടക്കുകയാണ്. ഇത് വൃത്തിയാക്കി വേണ്ടും വിധത്തിൽ ഉപയോഗിക്കാനുള്ള ആലോചനകളും തുടങ്ങിയിട്ടുണ്ട്. തൊട്ടുചേർന്നുള്ള ശ്മശാന വളപ്പിലും മരങ്ങൾ അപകടാവസ്ഥയിലാണ്.