കല്ലടയാർ നീന്തിക്കടന്ന് തെന്മല പത്തേക്കറിൽ കാട്ടാനക്കൂട്ടം
കുളത്തൂപ്പുഴ: കഴിഞ്ഞ ദിവസം രാത്രിയിൽ ശെന്തുരണി വനത്തിൽ നിന്ന് കാട്ടാനകൾ കൂട്ടമായി കല്ലടയാർ നീന്തിക്കടന്ന് തെന്മല പൂത്തോട്ടം പത്തേക്കർ ജനവാസമേഖലയിലെത്തി. കൃഷിയിടങ്ങൾ നശിപ്പിക്കുന്ന ശബ്ദം കേട്ട് നാട്ടുകാർ ഉണർന്ന് തെന്മല വനം വകുപ്പിന്റെ റാപ്പിഡ് റെസ്പോണ്ട്സ് ടീമിനെ വിവരം അറിയിച്ചു.
ആർ.ആർ.ടി ഫോറസ്റ്റർ ശ്രീജിത്തിന്റെ നേതൃത്വത്തിൽ ബീറ്റ് ഫോരസ്റ്റ് ഓഫീസർമാരായ രാധാകൃഷ്ണൻ, ജിഷ.ജി.നായർ, ഫോറസ്റ്റ് വാച്ചർമാരായ കലേഷ്, ശ്രീരാജ് എന്നിവർ ഉടൻ സ്ഥലത്തെത്തി പടക്കം പൊട്ടിച്ചും തീപ്പന്തം കാട്ടിയും ബഹളം വച്ചും ഏറെനേരത്തെ ശ്രമഫലമായി ആനക്കൂട്ടത്തെ വനത്തിനുള്ളിലേക്ക് തുരത്തി. വനത്തിനുള്ളിൽ രൂക്ഷമായ ഭക്ഷണ ദൗർലഭ്യമാണ് നിരന്തരം കാട്ടാന, പോത്ത്, മ്ലാവ് ഉൾപ്പടെയുള്ള മൃഗങ്ങൾ കൂട്ടമായി ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നതിന് കാരണമെന്ന് നാട്ടുകാർ പറയുന്നു.
തെങ്ങ്, വാഴ, കമുക്, റബർ, മരച്ചീനി ഉൾപ്പടെയുള്ള കൃഷിയാണ് വ്യാപകമായി നശിപ്പിക്കുന്നത്.
കർഷകരുടെ അപേക്ഷ പ്രകാരം വിളനഷ്ട കണക്കുകൾ വനം വകുപ്പ് അധികൃതർ ശേഖരിച്ചു. എന്നാൽ നഷ്ടപരിഹാരം കിട്ടാൻ വർഷങ്ങൾ കാത്തിരിക്കണമെന്ന് നാട്ടുകാർ പറയുന്നു.