വീട്ടിലിരുന്ന് ആധാർ പുതുക്കാം,​ നവംബറിൽ പൂർണ സജ്ജം

Wednesday 18 June 2025 1:18 AM IST
AADHAR

ന്യൂഡൽഹി: വീട്ടിലിരുന്ന് ആധാറിലെ വിവരങ്ങൾ പുതുക്കാനും തെറ്റുകൾ തിരുത്താനും സംവിധാനം ഒരുങ്ങുന്നു.

പേര്, ലിംഗം, മേൽവിലാസം, ഫോൺനമ്പർ, ജനന തീയതി, ഇ-മെയിൽ തുടങ്ങിയവ ഇത്തരത്തിൽ രേഖപ്പെടുത്താൻ കഴിയും. പുതുതായി ആധാറിന് അപേക്ഷിക്കുന്നവർക്ക്

വിരലടയാളം,​ കണ്ണിലെ റെറ്റിന എന്നീ ബയോമെട്രിക് സബ്മിഷനുകൾക്ക് എൻറോൾമെന്റ് സെന്ററുകളിൽ പോകേണ്ടിവരും. യൂണിക് ഐഡന്റിഫിക്കേഷൻ അതോറിട്ടി ഒഫ് ഇന്ത്യ (യു.ഐ.ഡി.എ.ഐ) സി.ഇ.ഒ ഭുവ്നേഷ് കുമാറാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഡേറ്റ അപ്ഡേറ്ര് പ്രക്രിയ അനായാസമാക്കാൻ ക്യു ആർ കോഡ് അടിസ്ഥാനത്തിലുള്ള ആപ് വരും. ഇത് നവംബറോടെ സജ്ജമാക്കാനാണ് ശ്രമം. ഇതോടെ വിവിധ ആവശ്യങ്ങൾക്ക് ഫോട്ടോകോപ്പികൾ നൽകേണ്ട സാഹചര്യം ഒഴിവാകും.

ക്യു ആർ കോഡ് അടിസ്ഥാനത്തിലുള്ള ആപ് നിലവിൽ വരുന്നതോടെ ഹോട്ടൽ ചെക്ക് ഇൻ, ട്രെയിൻ യാത്ര, സ്വത്ത് രജിസ്ട്രേഷൻ തുടങ്ങിയവയ്‌ക്ക് ആവശ്യമുള്ള വിവരങ്ങൾ മാത്രം നൽകാൻ കഴിയും. അതും പൗരന്റെ അനുമതിയോടെ മാത്രം.

ഡേറ്റ ദുരുപയോഗം ഒഴിവാകും

ആധാർ ഉടമയുടെ എല്ലാ വിവരങ്ങളും മറ്റൊരാൾക്ക് ചോർത്താനാവുന്ന സാഹചര്യം ഇതോടെ ഇല്ലാതാക്കാനാവും. ഭൂമി രജിസ്ട്രേഷനിലെ ആൾമാറാട്ടം, വ്യാജ ഉടമസ്ഥാവകാശം തുടങ്ങിയ തട്ടിപ്പുകൾക്കും അറുതിയാകും. ക്യു ആർ കോഡിൽ അതിനനുസരിച്ച സംവിധാനം ഒരുക്കാനാണ് യു.ഐ.ഡി.എ.ഐ ലക്ഷ്യമിടുന്നത്. ഭൂമി രജിസ്ട്രഷന് ആധാർ വെരിഫിക്കേഷൻ നിർബന്ധമാക്കണമെന്ന് കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല.

പുതുക്കാൻ 18 കോടി ആധാർ

18 കോടിയോളം കുട്ടികളുടെ ആധാർവിവരങ്ങൾ അപ്ഡേറ്റ് ചെയ്യേണ്ട സാഹചര്യമുണ്ട്. ഇതിനായി സി.ബി.എസ്.ഇയുമായും മറ്റും ചേർന്ന് ക്യാമ്പയിൻ സംഘടിപ്പിക്കും.