വേണ്ടാതെ വലിച്ചെറിയുന്ന സാധനം; ഇടനിലക്കാര്‍ കൊണ്ട് പോകുന്നത് കിലോയ്ക്ക് 50 രൂപ നല്‍കി
അലനല്ലൂര്‍: ഇനി മുതല്‍ ചിരട്ട തീയിലേക്ക് എറിയാന്‍ വരട്ടെ. വീട്ടിലെത്തി നല്ല വിലതന്ന് ചിരട്ട വാങ്ങാന്‍ ആളുകളുണ്ട്. തേങ്ങയ്‌ക്കൊപ്പം നാട്ടിന്‍പുറങ്ങളില്‍ ഇപ്പോള്‍ ചിരട്ടയ്ക്കും വന്‍ ഡിമാന്‍ഡ് ആണ്. കിലോയ്ക്ക് 20 മുതല്‍ 30 രൂപ വരെ വില ലഭിക്കും. ഇപ്പോള്‍ ആക്രി കച്ചവടക്കാര്‍ പ്രധാനമായും ശേഖരിക്കുന്ന വസ്തുക്കളിലൊന്നായി ചിരട്ട മാറിയിരിക്കുന്നു. ചിരട്ടയുടെ കരിയുടെയും പൊടിയുടെയും മൂല്യവര്‍ദ്ധിത ഉപയോഗമാണ് വിപണിയില്‍ പെട്ടെന്ന് വിലയേറ്റിയത്.
ജനുവരിയില്‍ കിലോയ്ക്ക് അഞ്ചുമുതല്‍ 10 രൂപവരെ വീട്ടുകാര്‍ക്ക് നല്‍കിയിരുന്ന സ്ഥാനത്തിപ്പോള്‍ മൂന്ന് മടങ്ങ് വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. കര്‍ണാടക, തമിഴ്‌നാട്, രാജസ്ഥാന്‍ തുടങ്ങിയ ഇടങ്ങളിലേക്കാണ് ജില്ലയില്‍നിന്ന് ശേഖരിക്കുന്ന ചിരട്ടകളില്‍ അധികവും കയറ്റിപ്പോകുന്നത്. ഇതിനായി ഇടനിലക്കാരുമുണ്ട്. വീടുകളില്‍നിന്ന് ശേഖരിക്കുന്നവരുടെ പക്കല്‍നിന്ന് 50 രൂപ വരെ കിലോയ്ക്ക് നല്‍കിയാണ് ഇടനിലക്കാര്‍ ചിരട്ട കൊണ്ടുപോകുന്നത്.
ക്വിന്റല്‍ കണക്കിന് ചിരട്ടയാണ് ഇത്തരത്തില്‍ ഏജന്റുമാര്‍ കേരളത്തില്‍ നിന്ന് സംഭരിച്ച് തമിഴ്‌നാട്ടിലേക്ക് എത്തിക്കുന്നത്. ആക്രി തൊഴിലാളികള്‍ അടക്കം വീടുകള്‍ കയറിയിറങ്ങി ചിരട്ട വാങ്ങുന്നുണ്ട്. ഇവര്‍ തുച്ഛമായ വിലയാണ് നല്‍കുന്നത്. മുമ്പ് ചിരട്ടക്ക് വിലയില്ലാതിരുന്നപ്പോള്‍ വെറുതെ കൂടികിടന്നത് ഒഴിവാക്കാന്‍ ആക്രിക്കാര്‍ക്ക് സൗജന്യമായി നല്‍കിയ വീട്ടുകാരും ധാരാളം. വിദ്യാര്‍ത്ഥികള്‍ പോലും ഓണ്‍ലൈന്‍ വഴി ഓര്‍ഡറുകള്‍ സ്വീകരിച്ച് ചിരട്ട ശേഖരിക്കുന്ന സൈഡ് ബിസിനസും ആരംഭിച്ചിട്ടുണ്ട്.
കര്‍ണാടകയിലെ തുമകൂരു, തമിഴ്‌നാട്ടിലെ ഉദുമല്‍പേട്ട, കങ്കയം തുടങ്ങിയ സ്ഥലങ്ങളില്‍ ചിരട്ടക്കരി വാണിജ്യാടിസ്ഥാനത്തില്‍ ഉല്‍പാദിപ്പിക്കുന്ന ഫാക്ടറികളുണ്ട്. സൗന്ദര്യവര്‍ധക വസ്തുക്കള്‍, പല്ല് തേക്കാനുള്ള പൊടി തുടങ്ങിയവയിലൊക്കെ പ്രധാന ഘടകങ്ങളിലൊന്നായി ചിരട്ട കരിച്ച പൊടി ഉപയോഗിച്ചു തുടങ്ങിയതോടെയാണ് വില കുതിച്ചുയര്‍ന്നത്. ഒരു ടണ്‍ ചിരട്ടയില്‍ നിന്ന് ഏകദേശം 300 കിലോഗ്രാം ഉത്തേജിത കരി ലഭിക്കുമെന്നാണ് കണക്ക്. ചിരട്ട ഉയര്‍ന്ന ഊഷ്മാവില്‍ കരിച്ചെടുക്കുമ്പോഴാണ് ഉത്തേജിത കരി ലഭിക്കുന്നത്.