ഓണപ്പൂക്കളം ഇത്തവണ കളറാകും, 80000 രൂപയുടെ പദ്ധതി

Wednesday 18 June 2025 1:41 AM IST

തിരുവല്ല : ഇരവിപേരൂർ ഗ്രാമപഞ്ചായത്തിൽ 1.6 ഹെക്ടറിൽ ഓണക്കാലത്തേക്ക് ബന്ദിപ്പൂക്കൾ ഒരുങ്ങുന്നു. ജനകീയാസൂത്രണ പദ്ധതിയിലെ വനിതാഘടക പദ്ധതി പ്രകാരമുള്ള ഫ്‌ളോറി വില്ലേജ് ഓണക്കാല പൂകൃഷിക്കാണ് തുടക്കമിടുന്നത്. കാർഷിക കർമ്മസേന ഉൽപാദിപ്പിച്ച അഞ്ച് രൂപ വിലയുള്ള ഓറഞ്ച്, മഞ്ഞ നിറങ്ങളിലുള്ള ഹൈബ്രിഡ് ബന്ദിതൈകൾ സൗജന്യമായാണ് പദ്ധതി പ്രകാരം വിതരണം ചെയ്യുന്നത്.

80,000 രൂപയുടെ പദ്ധതിയിലൂടെ 16,000 ബന്ദി തൈകൾ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. ശശിധരൻ പിള്ള വിതരണോദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് സാലി ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളായ ജയശ്രീ ആർ, അമ്മിണി ചാക്കോ, ത്രേസ്യാമ്മ കുരുവിള, മോഹനൻ, അനിൽ ബാബു, വിജയമ്മ എന്നിവർ പങ്കെടുത്തു. എല്ലാ വാർഡിലെയും വനിതാ ഗുണഭോക്താക്കൾ പുതിയ കരം അടച്ച രസീത് കോപ്പി, ആധാർ കോപ്പി എന്നിവയുമായി കൃഷിഭവനിലെത്തി അപേക്ഷ സമർപ്പിച്ച് തൈകൾ കൈപ്പറ്റണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അഭ്യർത്ഥിച്ചു.