ചിറ്റൂരിലെ കള്ളുഷാപ്പിൽ വീണ്ടും ചുമ മരുന്നിന്റെ സാന്നിദ്ധ്യം
ചിറ്റൂർ: ചിറ്റൂരിലെ കള്ളുഷാപ്പിൽ വീണ്ടും ചുമ മരുന്നിന്റെ സാന്നിദ്ധ്യം. ചിറ്റൂർ റേഞ്ചിലെ ആറാം ഗ്രൂപ്പിൽപ്പെട്ട നാവുകാട് ഷാപ്പിലെ കള്ളിലാണ് ബനാഡ്രിൽ എന്ന കഫ് സിറപ്പിന്റെ (ചുമ മരുന്ന്) സാന്നിദ്ധ്യം കണ്ടെത്തിയത്.
ഇന്നലെ തന്നെ ഗ്രൂപ്പിലെ അഞ്ച് ഷാപ്പും അടച്ചിട്ടു. പ്ലാച്ചിമട, മോളകാട്, നാവുക്കാേട്, പട്ടഞ്ചേരി, ചുള്ളിമട ഷാപ്പുകളാണ് അടച്ചിട്ടത്.
ചിറ്റൂർ റേഞ്ച് അധികൃതർ ഡെപ്യൂട്ടി കമ്മിഷണർക്കു റിപ്പോർട്ട് നൽകി. കമ്മിഷണറുടെ ഉത്തരവ് ലഭിക്കുന്ന മുറയ്ക്ക് ഷാപ്പുകളുടെ ലൈസൻസ് റദ്ദാക്കാനുള്ള നടപടി സ്വീകരിക്കും.
2024 ജൂലായിൽ ഷാപ്പിൽ നിന്ന് ശേഖരിച്ച സാമ്പിളിൽ നടത്തിയ പരിശോധനയിലാണ് ബനാഡ്രിലിന്റെ സാന്നിദ്ധ്യം കണ്ടെത്തിയത്. കഴിഞ്ഞ മാർച്ചിലും ഇതേ ഗ്രൂപ്പിന്റെ മറ്റൊരു ഷാപ്പിലെ കളളിലും കഫ് സിറഫ് കണ്ടെത്തിയതായി ആരോപണം ഉയർന്നിരുന്നു. തുടർന്ന് ഗ്രൂപ്പിന്റെ ലൈസൻസ് റദ്ദാക്കി മറ്റൊരു ലൈസൻസിക്ക് ഷാപ്പുകൾ കൈമാറുകയായിരുന്നു. നിലവിൽ ആലപ്പുഴ സ്വദേശി സുജാതയാണ് ഗ്രൂപ്പിന്റെ ലൈസൻസി. കഴിഞ്ഞ മാർച്ചിൽ ചിറ്റൂർ റേഞ്ചിലെ 15 ഓളം ഷാപ്പുകളുടെ ലൈസൻസ് റദ്ദാക്കിയിരുന്നു. ഇത് മൂന്നാം തവണയാണ് ചിറ്റൂരിൽ കള്ളിൽ സിറപ്പിന്റെയും മറ്റും സാന്നിദ്ധ്യം കണ്ടെത്തുന്നത്.