ഐ.ടി.ഐകൾക്ക് 1,444 കോടിയുടെ പദ്ധതി സമർപ്പിച്ചു

Wednesday 18 June 2025 2:58 AM IST

തിരുവനന്തപുരം : ഐ.ടി.ഐകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി 1,444 കോടിയുടെ പദ്ധതി കേന്ദ്രമന്ത്രി ജയന്ത് ചൗധരിയ്ക്ക് സമർപ്പിച്ചതായി മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. ഹബ്ബ് ആന്റ് സ്‌പോക്ക് മാതൃകയിലാണ് വിഭാവനം ചെയ്തിരിക്കുന്നത്. സംസ്ഥാനത്തെ നാലു നോഡൽ ഐ.ടി.ഐകളായ തിരുവനന്തപുരം ചാക്ക, എറണാകുളം കളമശേരി, കോഴിക്കോട്, പാലക്കാട് മലമ്പുഴ എന്നിവയെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഓരോ ഹബ്ബിലും നാല് സ്‌പോക്ക് ഐ.ടി.ഐ എന്ന ക്രമത്തിൽ 16 സ്‌പോക്ക് ഐ.ടി.ഐകൾ ഉണ്ടാകും. ഓരോ ഹബ്ബ് ഐ.ടി.ഐയ്ക്കും 200 കോടി വീതവും സ്‌പോക്ക് ഐടിഐകൾക്ക് 40 കോടി വീതവുമാണ് വകയിരുത്തിയിരിക്കുന്നത്. പദ്ധതിയുടെ 50 ശതമാനം കേന്ദ്രവിഹിതവും 33.33 ശതമാനം സംസ്ഥാന വിഹിതവും 16. 67 ശതമാനം വ്യവസായസ്ഥാപനങ്ങളുടെ ഫണ്ടിൽനിന്നുമാണ് ഉപയോഗിക്കുക. അഞ്ചുവർഷം കൊണ്ട് പദ്ധതി പൂർത്തിയാക്കും.
കേരള അക്കാഡമി ഫോർ സ്‌കിൽസ് എക്സലൻസും (കെയ്സ്) നാഷണൽ സ്‌കിൽ ഡവലപ്‌മെന്റ് കോർപറേഷനും, കൊച്ചി മെട്രോ റെയിൽ ലിമിറ്റഡും ചേർന്ന് നടപ്പാക്കുന്ന പദ്ധതിയായ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെട്രോ ആന്റ് റെയിൽ ടെക്‌നോളജി എറണാകുളം കളമശേരിയിൽ സ്ഥാപിക്കും. 290 കോടി ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്ക് എല്ലാ സഹായവും കേന്ദ്രമന്ത്രി വാഗ്ദാനം ചെയ്തിട്ടുണ്ട്.