ആശമാരുടെ രാപകൽ സമരയാത്ര; ഇന്ന് സമാപിക്കും, പ്രതിപക്ഷനേതാവ് ഉദ്ഘാടനം നി‌ർവഹിക്കും

Wednesday 18 June 2025 7:38 AM IST

തിരുവനന്തപുരം; ഓണറേറിയം വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റിനു മുന്നിൽ സമരം തുടരുന്ന ആശാ വർക്കർമാരുടെ രാപകൽ സമരയാത്ര മഹാറാലിയോടെ സമാപിക്കും. ഇന്ന് രാവിലെ പിഎംജി ജംഗ്ഷനിൽ നിന്ന് പ്രകടനമായി സെക്രട്ടറിയേറ്റ് പടിക്കൽ എത്തിച്ചേരുന്ന റാലി പ്രതിപക്ഷനേതാവ് വിഡി സതീശൻ ഉദ്ഘാടനം ചെയ്യും. കാസർകോട് നിന്ന് ആരംഭിച്ച് തിരുവനന്തപുരം വരെ ആശാ സമരസമിതി നേതാവ് എം എ ബിന്ദു നയിച്ച യാത്രയാണ് ഇന്ന് സമാപിക്കുന്നത്.

സെക്രട്ടറിയേറ്റ് പടിക്കലെ സമരവേദിയിൽ നിന്ന് ഫ്ലാഗ് ഓഫ് ചെയ്ത രാപകൽ സമരയാത്ര മെയ് അഞ്ചിനാണ് കാസർകോട് നിന്ന് ആരംഭിച്ചത്. 14 ജില്ലകളിലായി 45 ദിവസം പൂർത്തിയാക്കിയാണ് സെക്രട്ടറിയേറ്റിനു മുന്നിൽ രാപകൽ സമരയാത്ര സമാപിക്കുന്നത്. ഉപതിരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന നിലമ്പൂരിലടക്കം സമരം ചെയ്യുന്ന ആശാ പ്രവർത്തകർ ഇടത് പക്ഷത്തിനെതിരെ വോട്ട് അഭ്യർത്ഥിച്ചിരുന്നു. അതേസമയം, ഇന്ന് കേരളത്തിലെ മുഴുവൻ ആശാവർക്കർമാർക്കും സർക്കാർ ഓൺലൈൻ ട്രെയിനിംഗ് ക്ലാസ് സംഘടിപ്പിച്ചിട്ടുണ്ട്. ഇതിൽ ആശമാർ നിർബന്ധമായും പങ്കെടുക്കണമെന്നും നിർദ്ദേശമുണ്ട്. പുതുതായി ആരംഭിച്ച ‘ശശക്ത്’ എന്ന വെബ് പോർട്ടൽ പരിചിതമാക്കാനുള്ള പരിശീലനമാണ് ഇന്ന് ഓൺലൈനായി നടക്കുക.

ഇത് സമരം പൊളിക്കാനുള്ള സർക്കാർ നീക്കമാണെന്നാണ് ആശമാരുടെ പ്രതികരണം. മുഴുവന്‍ ആശമാരും സര്‍ക്കാര്‍ ഭീഷണി തള്ളി മഹാറാലിക്ക് എത്തിച്ചേരണമെന്ന് കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് വികെ സദാനന്ദന്‍ പറഞ്ഞു.