ഇസ്രയേൽ-ഇറാൻ സംഘർഷം, യുഎഇയിലുള്ളവരും വരുന്നവരും ഇക്കാര്യങ്ങൾ നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ്
അബുദാബി: വിസിറ്റ് വിസയിൽ യുഎഇയിൽ എത്തിയവർ ജാഗ്രത പാലിക്കണമെന്നും വിസ കാലാവധി കഴിഞ്ഞിട്ടും തങ്ങുന്നത് ഒഴിവാക്കാൻ സമയബന്ധിതമായ നടപടികൾ സ്വീകരിക്കണമെന്നും ട്രാവൽ ഏജന്റുമാരുടെ മുന്നറിയിപ്പ്. വേനൽക്കാല അവധി സജീവമായതോടെ വിമാനങ്ങൾ പൂർണമായും ബുക്ക് ചെയ്യപ്പെടുന്നത്, വിമാന നിരക്കുകളുടെ വർദ്ധനവ്, ഇറാൻ-ഇസ്രയേൽ സംഘർഷം കടുത്തതോടെ പ്രാദേശിക വ്യോമാതിർത്തി അടച്ചിടലുമായി ബന്ധപ്പെട്ട വിമാന റദ്ദാക്കലുകൾ എന്നിവയാണ് വെല്ലുവിളികളായി ട്രാവൽ ഏജന്റുമാർ ചൂണ്ടിക്കാട്ടുന്നത്.
മടക്കയാത്രയോ വിസ കാലാവധി നീട്ടലോ മുൻകൂട്ടി ആസൂത്രണം ചെയ്തിട്ടില്ലാത്ത സന്ദർശകർ രാജ്യത്ത് കുടുങ്ങിപ്പോയേക്കാം. വിസ കാലാവധി കഴിഞ്ഞും തങ്ങുന്നത് പിഴയൊടുക്കാൻ കാരണമാകുമെന്നും ഏജന്റുമാർ മുന്നറിയിപ്പ് നൽകി. പ്രാദേശിക സംഘർഷങ്ങൾ കാരണം ഇന്ത്യ, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിൽ നിന്നുള്ള വിമാനങ്ങൾ വൈകുകയോ റദ്ദാക്കുകയോ ചെയ്യുകയാണ്. വിസ കാലാവധി കഴിയുന്നതിന്റെ അവസാന ദിവസംവരെ കാത്തിരിക്കാതെ 20 ദിവസങ്ങൾക്കെങ്കിലും മുൻപ് വേണ്ട നടപടികൾ സ്വീകരിക്കണമെന്നും ഇവർ പറയുന്നു.
ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം:
- വിസ കാലാവധി പരിശോധിക്കുക
- ഔദ്യോഗിക പോർട്ടലുകൾ വഴിയോ ട്രാവൽ ഏജന്റ് വഴിയോ വിസ കാലാവധി നീട്ടുന്നത് മുൻകൂട്ടി ആസൂത്രണം ചെയ്യുക.
- റീബുക്കിംഗ് ഓപ്ഷനുകൾക്കായി എയർലൈനുകളുമായി ബന്ധപ്പെടുക.
- കോൺസുലേറ്റുകളെയോ ബന്ധപ്പെട്ട അധികാരികളെയോ നിശ്ചിത ഹോട്ട്‌ലൈനുകളിൽ ബന്ധപ്പെടുക.
- അപ്‌ഡേറ്റുകൾക്കായി എയർലൈൻ വെബ്‌സൈറ്റുകളും ആപ്പുകളും പതിവായി സന്ദർശിക്കുക.
- യുഎഇയിലേക്ക് വരുമ്പോഴും തിരികെ പോകുമ്പോഴും വിമാനങ്ങൾക്ക് കാലതാമസമോ റദ്ദാക്കലോ ഉണ്ടോയെന്ന് പരിശോധിക്കുക.