'സ്രാവുകൾക്ക് മനുഷ്യന്റെ മുഖം തിരിച്ചറിയാൻ കഴിയും'; ഉദാഹരണമായി ഒരു അപൂർവ സൗഹൃദം, വീഡിയോ

Wednesday 18 June 2025 12:01 PM IST

ഷാർക്ക് എന്ന കേട്ടാൽ പേടിക്കാത്തതായി ആരും തന്നെ ഉണ്ടാകില്ല. രക്തത്തിന്റെ മണംപിടിച്ച് മനുഷ്യനെ കടിച്ചുകീറാൻ വരുന്ന ഇംഗ്ലീഷ് സിനിമകളിൽ കാണുന്ന കൊലയാളി ഷാർക്കുകളെയാണ് പൊതുവെ നമുക്ക് പരിചയം. എന്നാൽ ഷാർക്കുമായി സുഹൃദം സ്ഥാപിച്ച ഒരു യുവതിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. ഒരു ഷാർക്കിനെ ചുംബിക്കുന്നതും കടലിൽ അതിനൊപ്പം സമയം ചെലവഴിക്കുന്നതും വീഡിയോയിൽ കാണാം.

'വേട്ടക്കാരനുമായി സുഹൃദം സ്ഥാപിച്ചാൽ നിങ്ങൾ ഇരയാകില്ല. സമുദ്രം എപ്പോഴും അപകടകരമല്ല. അത് ഒരു വീടായി മാറും. മിക്ക ആളുകൾക്കും ഇത് അറിയില്ല. പക്ഷേ സ്രാവുകൾക്ക് മനുഷ്യന്റെ മുഖങ്ങൾ തിരിച്ചറിയാനും കാലക്രമേണ അവയെ ഓർമ്മകളുമായി ബന്ധപ്പെടുത്താനും കഴിയും'- എന്ന അടിക്കുറിപ്പും വീഡിയോയ്ക്ക് നൽകിയിട്ടുണ്ട്.

ഒരു പരീക്ഷണത്തിന്റെ ഭാഗമായാണ് ഇത് തുടങ്ങിയതെന്നാണ് വീഡിയോ പങ്കുവച്ച ഇനൻസ്റ്റഗ്രാം പോസ്റ്റിൽ പറയുന്നത്. 2018ലാണ് സമുദ്ര ജീവശാസ്ത്രജ്ഞയായ എലീസ് ജെൻട്രി 36 മാസം നീണ്ടും നിന്ന് ഒരു പരീക്ഷണം ആരംഭിച്ചത്. സ്രാവുകൾക്ക് മനുഷ്യനുമായി ഒരു ബന്ധം സ്ഥാപിക്കാൻ കഴിയുമോയെന്നതായിരുന്നു അവരുടെ പരീക്ഷണത്തിന്റെ ലക്ഷ്യം. എല്ലാ ആഴ്ചയും 'ഡാന്റേ' എന്ന് വിളിക്കുന്ന ഈ സ്രാവിനൊപ്പം ഡെെവിംഗ് നടത്തി. ഭക്ഷണമോ ആയുധമോ സംരക്ഷണ കൂടോ ഇല്ലാതെ വളരെ സൗമ്യമായിയാണ് അവൾ ഡെെവിംഗ് നടത്തിയത്.

21 മാസത്തിന് ശേഷം സ്രാവ് വട്ടമിട്ട് നീന്താതെ അവരെ സമീപിച്ചു. 30-ാം മാസത്തിന് ശേഷം സ്രാവ് അവളെ തന്റെ മുക്കിൽ തൊടാൻ അനുവദിച്ചു. ഈ റീൽ ഏകദേശം മൂന്ന് വർഷം മുൻപുള്ളതാണെന്നും അവർ അവകാശപ്പെടുന്നു. എന്നാൽ ഈ വീഡിയോ നെറ്റിസൺസ് പൂർണമായും വിശ്വസിച്ചിട്ടില്ല. ഇത് എങ്ങനെ സംഭവിക്കുമെന്നാണ് പലരും ചോദിക്കുന്നത്. ചിലർ ഇത് എഐ വിഡിയോയാണെന്നും പറയുന്നു.