ലയണൽ മെസ്സിയും ടീമും ഇന്ത്യയിലേക്ക്; സന്ദർശനം ഡിസംബറിൽ

Wednesday 18 June 2025 12:06 PM IST

ന്യൂഡൽഹി: സൂപ്പർതാരം ലയണൽ മെസ്സിയും അർജന്റീനിയൻ ടീമും ഇന്ത്യയിലേക്ക്. സെലിബ്രിറ്റി ഫുട്‌ബോൾ മത്സരങ്ങളുടെ ഭാഗമാകാനാണ് അദ്ദേഹം ഇന്ത്യയിലെത്തുന്നത്. ഡിസംബർ പതിമൂന്ന് മുതൽ പതിനഞ്ചുവരെ നടക്കുന്ന ഗോട്ട് കപ്പിന്റെ ഭാഗമായി രാജ്യത്തെ മൂന്ന് നഗരങ്ങൾ സന്ദർശിക്കും. കൊൽക്കത്ത, ഡൽഹി, മുംബയ് എന്നിവടങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്. എന്നാൽ യാത്രയിൽ ഫുട്‌ബോൾ മത്സരമുണ്ടാവില്ലെന്നാണ് റിപ്പോർട്ടുകൾ. പകരം ഗോട്ട് കപ്പിന് സാക്ഷ്യം വഹിക്കുകയാവും ചെയ്യുക.

കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസ് വേദിയിൽ മെസ്സിയെ ആദരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. പരിപാടിയിൽ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയടക്കമുള്ളവർ പങ്കെടുക്കും. ഡൽഹിയിൽ എത്തുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അദ്ദേഹം സന്ദർശിച്ചേക്കും.

എന്നാൽ മെസ്സിയുടെ ഇന്ത്യാ സന്ദർശനത്തെക്കുറിച്ച് അർജന്റീന ഫുട്‌ബോൾ ടീം ഇതുവരെ പ്രതികരിച്ചിട്ടില്ല. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം മെസ്സിയുടെ യാത്രാ പരിപാടിയിൽ കേരളമില്ല.

അർജന്റീനയുടെ സൗഹൃദ മത്സരത്തിന് വേദിയൊരുക്കാൻ ഒരുവർഷത്തിലേറെയായി കേരളം ശ്രമിക്കുകയാണ്. ലയണൽ മെസിയും അർജന്റീന ടീമും കേരളത്തിൽ കളിക്കാനെത്തുമെന്ന് അടുത്തിടെ കായിക മന്ത്രി അബ്ദുറഹിമാൻ സ്ഥിരീകരിച്ചിരുന്നു.

130 കോടിയിലധികം ചെലവ് പ്രതീക്ഷിക്കുന്നു. സാമ്പത്തിക കാര്യങ്ങൾ ക്ളിയറായാൽ അർജന്റീന ഫുട്ബാൾ അസോസിയേഷൻ കളി നടക്കുന്ന സ്ഥലവും തീയതിയും പ്രഖ്യാപിക്കുമെന്നാണ് സൂചന. അതിന് മുമ്പ് കേരളത്തിലെ വേദി പരിശോധിക്കാൻ അർജന്റീന ഫുട്ബാൾ അസോസിയേഷൻ പ്രതിനിധികളെത്തും.തിരുവനന്തപുരം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ മത്സരം നടത്താനാണ് പദ്ധതി. കൊച്ചിയിലോ മലബാറിലോ ആരാധകരെ പങ്കെടുപ്പിച്ചുകൊണ്ട് പൊതുചടങ്ങ് സംഘടിപ്പിക്കാനും ശ്രമമുണ്ട്.