കൊല്ലത്തുനിന്ന് ഒരു മനംനിറയ്ക്കും പ്രണയസാഫല്യം, എല്ലുപൊടിയുന്ന രോഗത്തിലും സുബിലാലിന് കൂട്ടുണ്ട്
കൊല്ലം: എല്ലുപൊടിയുന്ന രോഗം ശരീരത്തെ തളർത്തി. പക്ഷേ, സുബിലാൽ തളർന്നില്ല. നിറമുള്ള സ്വപ്‌നങ്ങൾ കണ്ട് സുബി വളർന്നു. വീൽച്ചെയറിലിരുന്ന് കണ്ട കിനാവുകൾ പൂവണിഞ്ഞതിന്റെ സന്തോഷത്തിലാണ് ഇപ്പോൾ സുബി. വീൽച്ചെയറിലിരുന്ന് ശാന്തിനിയുടെ കഴുത്തിൽ മിന്നുകെട്ടുമ്പോൾ അതിജീവനത്തിന്റെ ഒരു നല്ല കഥകൂടി പിറക്കുകയായിരുന്നു.
കരുനാഗപ്പള്ളി തഴവ കിണറുവിള കിഴക്കതിൽ ബി.വാസുദേവൻ-സുപ്രഭ ദമ്പതികളുടെ രണ്ടു മക്കളിൽ ഇളയവനാണ് 39കാരനായ സുബിലാൽ.
അസ്ഥികൾ പൊടിയുന്ന രോഗവുമായി പിറവി. ശരീരംപോലെ മനസും വഴങ്ങാത്ത അവസ്ഥ. എന്നിട്ടും തൊടിയൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് പത്താം ക്ളാസും തഴവ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് പ്ലസ് ടുവും പൂർത്തിയാക്കി. ചേച്ചി സുമി തണലായി നിന്നു. പഠനംകഴിഞ്ഞ് ലോട്ടറി കച്ചവടം തുടങ്ങി. ഇടയ്ക്ക് മൊബൈൽഫോൺ കടയും നടത്തി. ഇപ്പോൾ തഴവ കുടുംബാരോഗ്യ കേന്ദ്രത്തിൽ താത്കാലിക ഡാറ്റാ എൻട്രി ഓപ്പറേറ്ററാണ്.
മംഗല്യ കഥ ഇങ്ങനെ
പഞ്ചായത്ത് അനുവദിച്ച തുകകൊണ്ട് സുബിലാലിന്റെ കുടുംബം വീടുവച്ചു. ഗൃഹപ്രവേശനത്തിനെത്തിയ കൂട്ടുകാർ സുബിലാലിന്റെ വീഡിയോ എടുത്ത് സോഷ്യൽ മീഡിയകളിൽ പോസ്റ്റ് ചെയ്തു. അതു വൈറലായി. കൂട്ടുകൂടാൻ പലരുമെത്തി. അക്കൂട്ടത്തിൽ അദ്ധ്യാപികയായ ജിജി 'ചങ്ക് ഫ്രണ്ടാ"യി. കൂട്ടുകാരനുവേണ്ടി ജിജി വിവാഹാലോചനകൾ നടത്തി. കൂട്ടുകാരി ശാന്തിനിയോടും പറഞ്ഞു. 'തുണയായ് ചേർത്തുപിടിക്കുകിൽ തണലുള്ളിൽ നിറഞ്ഞിടും" - സുബിലാൽ കമ്പ്യൂട്ടറിൽ ഡിസൈൻ ചെയ്ത ഈ വരികൾ ജിജി ശാന്തിനിക്ക് അയച്ചു. ശാന്തിനിക്ക് ഇഷ്ടമായി. തേവലക്കര കോവൂർ കുഴിവിളയിൽ പരേതനായ ഗോപാലന്റെ മകളാണ് ശാന്തിനി (33). ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹം.