ഒരു ദിവസം കൊണ്ട് ഒരു പുസ്തകം, വായനാ തിരക്കിൽ രാധാകൃഷ്ണൻ

Thursday 19 June 2025 12:12 AM IST

കാലടി: വായനയ്ക്ക് പ്രായമില്ലെന്ന് തെളിയിക്കുകയാണ് വെളിയത്ത് വീട്ടിൽ രാധാകൃഷ്ണൻ. 81-ാം വയസിലും അദ്ദേഹം നിരന്തരമായ വായനയിലാണ്. ഒരു ദിവസം ഒരു പുസ്തകം എന്ന നിലയിൽ കഴിഞ്ഞ പത്തുവർഷത്തിനിടെ വായിച്ചുതീർത്തത് 3000ലേറെ പുസ്തകങ്ങൾ.

ചെറുപ്പത്തിലേ വായന ഒരു ഹരമായിരുന്നെങ്കിലും ജീവിതപ്രശ്‌നങ്ങളും ജോലിയുമെല്ലാം ഇതിന് തടസമായിരുന്നു. 2013ൽ സർക്കാർ കോൺട്രാക്റ്റ് ജോലിയിൽ നിന്ന് വിരമിച്ചശേഷം ഒരു മുഴുസമയ വായനക്കാരനായി.

കാലടി എസ്.എൻ.ഡി.പി ലൈബ്രറിയിൽ നിന്നും പഞ്ചായത്ത് ലൈബ്രറിയിൽ നിന്നുമാണ് ഗ്രന്ഥശാലാ പ്രവർത്തകരായ കാലടി എസ്. മുരളീധരനും ഭാര്യ രാധാമുരളീധരനും പുസ്തകങ്ങൾ എത്തിച്ചു നൽകുന്നത്. കൂടാതെ, പ്രിയ സുഹൃത്തായ ടി.ആർ.വി. നമ്പൂതിരിപ്പാടും ഇടയ്ക്ക് പുസ്തകങ്ങൾ എത്തിക്കാറുണ്ട്. ആഴ്ചയിൽ ശരാശരി 10 പുസ്തകങ്ങൾ അദ്ദേഹം വായിച്ചുതീർക്കുന്നു. നോവലുകൾ, കഥകൾ, ജീവചരിത്രങ്ങൾ, ആത്മകഥകൾ എന്നിവയെല്ലാം ഇതിൽപ്പെടും. ഒരു സർജറിയെത്തുടർന്ന് വിശ്രമത്തിലാണെങ്കിലും രാധാകൃഷ്ണൻ തന്റെ വായന മുടക്കുന്നില്ല.

സാമൂഹിക രംഗത്തും സജീവം സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലും സജീവ സാന്നിദ്ധ്യമാണ്. കാലടി നെഹ്രു ആർട്‌സ് സൊസൈറ്റിയുടെ 1964ലെ സ്ഥാപക സെക്രട്ടറിയായിരുന്നു. ഇപ്പോഴും പ്രസിഡന്റായി തുടരുന്നു. കാലടി എൻ.എസ്.എസ്. കരയോഗത്തിന്റെയും പ്രസിഡന്റാണ്. മറ്റൂർ ഫാർമേഴ്‌സ് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.

പരമാവധി പുസ്തകങ്ങൾ വായിച്ചുതീർക്കുകയാണ് ലക്ഷ്യം.

രാധാകൃഷ്ണൻ