ഉത്തരേന്ത്യൻ ചൂട്, കൃഷിയിടിവ് പൈനാപ്പിളിന് നല്ല വിലക്കാലം
കൊച്ചി: ഉത്തരേന്ത്യയിൽ ചൂടും കേരളത്തിൽ മഴയും കനക്കുന്നതോടെ പൈനാപ്പിൾ വില കുതിക്കുന്നു. പ്രതികൂല സാഹചര്യങ്ങൾ മൂലം കൃഷിയിടങ്ങൾ കുറഞ്ഞതും ഉത്പാദനം കുറയാൻ കാരണമായി. ഇതോടെ അപ്രതീക്ഷിത വിലക്കയറ്റത്തിന് വഴിയൊരുക്കി. 62 രൂപ വരെ വില ലഭിച്ചിരുന്ന ഗ്രീൻ സ്‌പെഷ്യൽ ഇനത്തിന് ഇന്നലെ 56 രൂപ ലഭിച്ചു. മുഖ്യ സീസണിന് ശേഷം പതിവില്ലാത്ത ഉയർന്ന വിലയാണ് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ലഭിച്ചത്. ഡൽഹി ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ നഗരങ്ങളിൽ കടുത്ത ചൂട് തുടരുന്നതിനാൽ പൈനാപ്പിളിന് ആവശ്യക്കാർ ഏറെയാണ്. അവിടങ്ങളിൽ നിന്ന് കൂടുതൽ ഓർഡറുകൾ വ്യാപാരികൾക്ക് ലഭിച്ചു. അതേസമയം, കേരളത്തിൽ കനത്ത മഴ ആരംഭിച്ചതോടെ ഉത്പാദനം കുറയുകയും ചെയ്തു. പ്രതിദിനം 200 ടൺ വരെ ലഭിച്ചിരുന്ന ഉത്പാദനം പകുതിയിൽ താഴെയായി കുറഞ്ഞത് ആവശ്യകത വർദ്ധിപ്പിച്ചു. ഉത്പാദനക്കുറവും വടക്കേയിന്ത്യൻ വിപണി സജീവമായതുമാണ് വില വർദ്ധിക്കാൻ പ്രധാന കാരണമായത്. കഴിഞ്ഞ കടുത്ത വേനൽ പൈനാപ്പിൾ കൃഷിയെ സാരമായി ബാധിച്ചിരുന്നു. തൈകൾ വ്യാപകമായി കരിഞ്ഞുണങ്ങി. ആദായം കുറഞ്ഞതിനാൽ ചെടികളെ കൃത്യമായി പരിപാലിക്കാൻ ചില കർഷകർക്ക് കഴിഞ്ഞില്ല. പുതിയ ചെടികൾ നടുന്നത് കുറയുകയും ചെയ്തത് ഉത്പാദനം കുറയാൻ കാരണമായെന്ന് കർഷകരും വ്യാപാരികളും പറയുന്നു. കഴിഞ്ഞ ബുധനാഴ്ച സ്‌പെഷ്യൽ പൈനാപ്പിളിന് 61 രൂപയും പച്ചയ്ക്ക് 59 രൂപയും പഴത്തിന് 47 രൂപയുമാണ് ലഭിച്ചത്. പിന്നീടുള്ള ദിവസങ്ങളിൽ നേരിയ കുറവുണ്ടായെങ്കിലും ശരാശരി 56 രൂപ വില ലഭിച്ചു.
പ്രതികൂല ഘടകങ്ങൾ വില്ലൻ പൈനാപ്പിൾ കൃഷിക്ക് ബാങ്ക് വായ്പ സുലഭമാണെങ്കിലും, പ്രതികൂല ഘടകങ്ങളാണ് കൃഷി കുറയാൻ കാരണമെന്ന് പൈനാപ്പിൾ ഗ്രോവേഴ്‌സ് അസോസിയേഷൻ കേരള പ്രസിഡന്റ് ബേബി ജോൺ പറഞ്ഞു. തൊഴിലാളികളുടെ കുറവ് രൂക്ഷമാണ്. അന്യസംസ്ഥാന തൊഴിലാളികളെയും വേണ്ടത്ര ലഭിക്കുന്നില്ല. ഇതുമൂലം കൃഷി ചെയ്യുന്ന പ്രദേശത്തിന്റെ അളവ് കർഷകർ കുറയ്ക്കുന്നുണ്ട്. കടുത്ത വേനൽ, കാനികൾ (തൈകൾ) കിട്ടാനുള്ള പ്രയാസം തുടങ്ങി നിരവധി പ്രശ്‌നങ്ങൾ കർഷകരെ പിന്തിരിപ്പിക്കുന്നുണ്ട്.
കാനിക്ക് വിലയിടിവ്
പൈനാപ്പിൽ തൈകൾക്ക് (കാനി ) ഇക്കുറി വിലകുറഞ്ഞു. 12 രൂപയാണ് വില. മുമ്പ് 17 രൂപയായിരുന്നു വില. കൃഷിയിടങ്ങൾ കുറഞ്ഞതുമൂലം ഡിമാൻഡ് കുറഞ്ഞതാണ് കാനിയുടെ വിലയിടിയാൻ കാരണം.
വില ഇന്നലെ
സ്‌പെഷ്യൽ 56
ഗ്രീൻ 54
പഴം 58