'കാലം നീതി നടപ്പാക്കും' വിരമിച്ച ഉദ്യോഗസ്ഥനെ വിമർശിച്ച് വാട്‌സപ്പ് സ്റ്റാറ്റസിട്ടു, സബ് ഇൻസ്‌പെക്‌ടർക്ക് സസ്‌പെൻഷൻ

Wednesday 18 June 2025 5:51 PM IST

കണ്ണൂർ: വിരമിച്ച സബ് ഇൻസ്‌പെക്‌ടറെ വിമർശിച്ച് വാട്‌സാപ്പ് സ്റ്റാറ്റസ് പോസ്റ്റ് ചെയ്ത പൊലീസ് ഉദ്യോഗസ്ഥന് സസ്പെ‌ൻഷൻ. കണ്ണൂർ പയ്യന്നൂർ സ്റ്റേഷനിലെ മനോജ് കുമാർ എന്ന എസ്‌ഐയാണ് സസ്പെൻഷനിലായത്.‌ ഡിഐജി യതീഷ് ചന്ദ്രയാണ് മനോജ് കുമാറിനെതിരെ നടപടിയെടുത്തത്. ഇതേ സ്റ്റേഷനിൽ നിന്നും വിരമിച്ച സബ് ഇൻസ്‌പെക്‌ടർ എൻ പി കൃഷ്‌ണനെതിരെയായിരുന്നു ചിത്രങ്ങളടക്കം ഇദ്ദേഹം പോസ്റ്റിട്ടത്. ഇക്കഴിഞ്ഞ ഏപ്രിൽ 30നാണ് കൃഷ്‌ണൻ വിരമിച്ചത്. ഇതേദിവസം 'ലഭ്യമായ ജീവിത സൗകര്യങ്ങളിൽ മറ്റ് ജീവനുകൾക്ക് പ്രസക്തി കൊടുക്കാതെ ജോലിയിൽ പ്രതികാരം മാത്രം കണക്കാക്കി തീ‌ർപ്പാക്കുന്ന വ്യക്തികളോട് ഒന്നുമാത്രമേ പറയാനുള്ളു. നാളെ നീ എന്ന വ്യക്തിയും പടിയിറങ്ങും, അതാണ് കാലത്തിന്റെ നീതി. കാലം അത് ഭംഗിയായി നടപ്പാക്കും.' എന്നാണ് മനോജ് കുമാർ പോസ്റ്റ് ചെയ്‌തത്.

തുടർന്ന് എൻ.പി കൃഷ്‌ണൻ ഇതിനെതിരെ പരാതി നൽകി. സംഭവത്തിൽ പയ്യന്നൂർ ഡിവൈ.എസ്.പി അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുകയും ചെ‌യ്‌തു. ഇതിന്റെ അടിസ്ഥാനത്തിലാണ് മനോജ് കുമാർ സസ്‌പെൻഷനിലായത്. സംഭവത്തിൽ കണ്ണൂർ റൂറൽ എസ്.പിയാകും തുടരന്വേഷണം നടത്തുക.