വായനയുടെ വസന്തം തീർത്ത് വായന കോർണർ

Wednesday 18 June 2025 8:14 PM IST

ആലുവ: ലോക വാർത്തകൾ തുടങ്ങി നാട്ടുവിശേഷങ്ങൾ വരെ വിരൽത്തുമ്പിലറിയാമെങ്കിലും വായനയുടെ രുചിയറിഞ്ഞവർക്ക് വായിച്ച് തന്നെ അറിയണം. വായിച്ചറിയുന്നവരുടെ വലിയൊരു കൂട്ടത്തിനായി കുട്ടമശേരി യുവജന വായനശാല തയ്യാറാക്കിയ വായന കോർണർ ഇന്നും സജീവമാണ്.

അതിരാവിലെ തന്നെ പത്രവായനക്കാരുടെ തിരക്കാണ്. ചൊവ്വര, കുന്നുംപുറം, മനക്കക്കാട്, ചാലയ്ക്കൽ എന്നിവിടങ്ങളിൽ നിന്ന് ആളുകൾക്ക് എത്തിച്ചേരുന്ന പ്രധാന കവലയാണ് കുട്ടമശേരി. ഇവിടെയാണ് യുവജനശാല പത്രവായനയ്ക്ക് മാത്രമായി പ്രത്യേക കോർണർ തയ്യാറാക്കിയിട്ടുള്ളത്. ഒരു ഭാഗത്തായി വിവിധ ആനുകാലിക പ്രസിദ്ധീകരണങ്ങളുമുണ്ട്. രാവിലെ ആറു മണിയോടെ തുറക്കുന്ന വായനശാല 10 മണി വരെ പ്രവർത്തിക്കും. വൈകിട്ട് അഞ്ച് മുതൽ 9.30 വരെയും ഉണ്ടാകും. ഇംഗ്ലീഷ് പത്രങ്ങൾ ഉൾപ്പെടെ പത്തിലധികം പത്രങ്ങളുണ്ട്. വായനക്കാരിൽ ഏറെയും 30 വയസിനു മുകളിലുള്ളവരാണെന്ന് ലൈബ്രറി പ്രസിഡന്റ് വി.വി. മന്മദൻ പറഞ്ഞു.

നെഹ്റുവിന്റെ പാദസ്പർശം

കുട്ടമശേരി യുവജന വായനശാലയ്ക്ക് ഒട്ടേറെ ചരിത്രമുണ്ട്. 1948 ജൂൺ 16ന് കുട്ടമശേരിയിലെ ഒരു ചായക്കടയിലാണ് യുവജനശാല പിറവിയെടുക്കുന്നത്. നിലവിൽ 20,500ളം പുസ്തകങ്ങളുണ്ട്.

ആദ്യ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്റു ഉൾപ്പെടെ മൂന്ന് പ്രധാനമന്ത്രിമാർ സന്ദർശിച്ച വായനശാല കൂടിയാണിത്. 1982 ഡിസംബർ 12നായിരുന്നു സന്ദർശനം.