ചേര 'ഹീറോ' ആയില്ല; കുറച്ചുകൂടി പഠിക്കാനുണ്ട്

Thursday 19 June 2025 1:51 AM IST

തിരുവനന്തപുരം: ചേരയെ സംസ്ഥാന ഉരഗമാക്കി പ്രഖ്യാപിക്കുന്നത് മാറ്രിവച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സംസ്ഥാന വന്യജീവി ബോർഡ് യോഗത്തിലാണിത്. ഇക്കാര്യത്തിൽ സമഗ്രമായ പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് ബോർഡ് വനം വകുപ്പിനോട് നിർദ്ദേശിച്ചിരിക്കുന്നത്.

കർഷക മിത്രമെന്ന നിലയിലാണ് ചേരയെ സംസ്ഥാന ഉരഗമാക്കി പ്രഖ്യാപിക്കുന്നതിന് വനംവകുപ്പ് ശുപാർശ ചെയ്തത്. കൃഷി നശിപ്പിക്കുന്ന എലികളെ തിന്നൊടുക്കിയാണ് ചേര കർഷക മിത്രമായത്. മൂർഖൻ,അണലി എന്നിവയുടെ കുഞ്ഞുങ്ങളെയും ആഹാരമാക്കും. ഇക്കാരണങ്ങളാൽ വിഷപ്പാമ്പുകളുടെ എണ്ണം ചേര നിയന്ത്രിക്കുന്നുണ്ടെന്നും വനംവകുപ്പ് ചൂണ്ടിക്കാട്ടുന്നു.

സംസ്ഥാന പക്ഷി,മൃഗം,മത്സ്യം എന്നിവയ്ക്കൊപ്പം സംസ്ഥാന ഉരഗം കൂടി വേണമെന്നാണ് വനംവകുപ്പിന്റെ ആവശ്യം. പാമ്പുകടിയേറ്റുള്ള മരണം കുറയ്ക്കുന്നതിനുള്ള പ്രചാരണത്തിന് ചേരയെ ഉപയോഗിക്കണമെന്നും നിർദ്ദേശമുണ്ട്. വന്യജീവി സംരക്ഷണ നിയമ പ്രകാരം ഷെഡ്യൂൾ ഒന്നിലാണ് ചേരയെ ഉൾപ്പെടുത്തിയതിനാൽ കൊല്ലുന്നത് കുറ്റകരമാണ്.